Asianet News MalayalamAsianet News Malayalam

ശിവശങ്കർ സർക്കാരിന്റെ ഭാഗമല്ല, സംവരണത്തിൽ ലീഗിന് രാഷ്ട്രീയ ലക്ഷ്യം, കോൺഗ്രസ് പോലും യോജിക്കുന്നില്ലെന്നും കാനം

സംവരണ സമുദായക്കാർ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ മുസ്‌ലിം ലീഗിനെ ഉപേക്ഷിക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു

Kanam Rajendran on Sivasankar custody reservation row
Author
Thiruvananthapuram, First Published Oct 28, 2020, 2:47 PM IST

തിരുവനന്തപുരം: എം ശിവശങ്കർ നിലവിൽ സംസ്ഥാന സർക്കാരിന്റെ ഭാഗമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സംസ്ഥാന സർക്കാരിന്റെ ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കിയതാണ് അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് ഒരു പ്രശ്നവുമില്ലെന്നും കാനം പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് കഴിഞ്ഞ രണ്ട് മാസമായി 12 മണിക്ക് നിത്യവും മുഖ്യമന്ത്രി രാജിവെക്കണം എന്ന് പറയുന്നു. അതിൽ പുതുമയില്ല. സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് പലരും സ്വീകരിക്കുന്ന നിലപാട് കുതിര ആനയെ കണ്ടപോലെയാണ്. 2019 ലാണ് ഇത് സംബന്ധിച്ച ഭരണഘടന ഭേദഗതിയാണ്. സംസ്ഥാന സർക്കാർ റിട്ട ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. നിലവിൽ സംവരണമുള്ള ആരെയും ബാധിക്കാത്ത രീതിയിലാണ് പുതിയ സംവരണം ഏർപ്പെടുത്തിയത്. എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഇതിനോട് അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംവരണ വിഷയത്തിൽ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ ആശങ്കകൾ മാറും. സീറോ മലബാർ സഭയ്ക്ക് സംവരണ വിഷയത്തിൽ കാര്യങ്ങൾ വ്യക്തമായി എന്നാണ് പ്രതികരണം സൂചിപ്പിക്കുന്നത്. എൻഎസ്എസിനെ പ്രീണിപ്പിക്കാനാണോ സാമ്പത്തിക സംവരണം എന്നത് മുല്ലപ്പള്ളി നരേന്ദ്ര മോദിയോട് ചോദിക്കണം. വിഷയത്തിൽ മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. കോൺഗ്രസിന് പോലും ലീഗിനോട് യോജിക്കാൻ പറ്റുന്നില്ല. സംവരണ സമുദായക്കാർ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ മുസ്‌ലിം ലീഗിനെ ഉപേക്ഷിക്കും. എൻഎസ്എസ് നിലപാട് പ്രായോഗികമായ പ്രശ്നം വരുമ്പോൾ പരിഗണിക്കാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios