തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ വനം മന്ത്രിയെ വിമർശിച്ച ഗണേഷ് കുമാറിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.


ഉദ്യോഗസ്ഥർ സർക്കാർ സംവിധാനത്തിന്‍റെ ഭാഗമാണ്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യം സംബന്ധിച്ച് വൈൽഡ് ലൈഫ് വാർഡന്‍റെ വാക്കുകൾ മന്ത്രിമാർ കേൾക്കുന്നത് തെറ്റല്ലെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ മൂന്ന് ദിവസം എഴുന്നള്ളിക്കാമെന്ന് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനെടുത്തിരുന്നെന്നും അത് പിന്നീട് വനംമന്ത്രി അട്ടിമറിച്ചുവെന്നുമായിരുന്നു ഗണേഷ് കുമാർ എംഎൽഎയുടെ വിവാദ പ്രസ്താവന. ആരുടേയോ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടാണ്  മന്ത്രിതല യോഗത്തിന് വിരുദ്ധമായ തീരുമാനം വനം മന്ത്രി എടുത്തതെന്നും ഇത് ദൗർഭാഗ്യകരമാണെന്നും കെ ബി ഗണേഷ് കുമാർ തുറന്നടിച്തിരുന്നു.

എന്നാൽ താനും വൈൽഡ് ലൈഫ് വാർഡനും  വസ്തുതകൾ ചൂണ്ടിക്കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും രാമചന്ദ്രനെ വിലക്കണമെന്ന് കലക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു വനം മന്ത്രി കെ രാജുവിന്‍റെ വിശദീകരണം