കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം വ്യക്തിപരം മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  ബിനോയ്‍ക്കെതിരായ ആരോപണം എൽഡിഎഫിനെ ബാധിക്കില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. മകന്‍ ചെയ്ത പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധ്യമല്ലെന്നും, എപ്പോഴും മകന് പിന്നാലെ നടക്കാനാവില്ലെന്നും, മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പരിണിതഫലം അവന്‍ തന്നെ അനുഭവിക്കണമെന്നും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. 

അതേസമയം, ബിനോയിക്കെതിരെ തെളിവായി യുവതിയുടെ പാസ്പോർട്ട് ലഭിച്ചു. പാസ്പോർട്ടിൽ യുവതിയുടെ ഭർത്താവിന്‍റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാസ്പോർട്ടിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബിനോയ് പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

അതിനിടെ, ഒളിവില്‍ കഴിയുന്ന ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കുന്നത് വൈകുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വരുന്നത് വരെ നടപടി മരവിപ്പിക്കുമെന്നും ബിനോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നുമാണ് മുംബൈ പൊലീസ് അറിയിച്ചത്. ബിനോയ് എവിടെ എന്നതിൽ സൂചനകളില്ലെന്നും മുംബൈ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.