സംസ്ഥാനത്തിന്റെ ആരോഗ്യ വിഷയങ്ങളും പ്രവാസികളുടെ പ്രശ്നവും ഒരുമിച്ച് കൊണ്ട് പോകാനാണ് സംസ്ഥാന സർക്കാർ ശ്രമം. സംസ്ഥാനത്ത് കൊവിഡ് കൂടുതൽ വ്യാപിക്കണമെന്നാണ് പ്രതിപക്ഷ താൽപര്യമെന്ന് തോന്നുന്നതായും കാനം

തിരുവനന്തപുരം: പ്രവാസി വിഷയത്തിൽ സർക്കാർ നിലപാടിനൊപ്പമാണ് തങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദൻ. സംസ്ഥാനത്തിന്റെ ആരോഗ്യ വിഷയങ്ങളും പ്രവാസികളുടെ പ്രശ്നവും ഒരുമിച്ച് കൊണ്ട് പോകാനാണ് സംസ്ഥാന സർക്കാർ ശ്രമം. സംസ്ഥാനത്ത് കൊവിഡ് കൂടുതൽ വ്യാപിക്കണമെന്നാണ് പ്രതിപക്ഷ താൽപര്യമെന്ന് തോന്നുന്നതായും കാനം രാജേന്ദ്രൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ഗൾഫിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ തീരുമാനം സംസ്ഥാന സർക്കാർ വൈകിപ്പിച്ചിരുന്നു. 24 വരെ ഗള്‍ഫിൽ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട. ഇന്ന് മുതൽ നടപ്പാക്കാൻ തീരുമാനിച്ചത് 25 മുതൽ നിർബന്ധമാക്കിയാൽ മതിയെന്നാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. 

25നകം ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്താനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്. അഞ്ച് ദിവസം കൊണ്ട് എല്ലാ എംബസികളിലും സംവിധാനമൊരുക്കാനാണ് ശ്രമം. 

ഇതിനിടെ കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ആക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. സംസ്ഥാന സർക്കാരിന്റെ നയത്തിൽ ഇടപെടുന്നില്ല എന്നായിരുന്നു ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിലപാടെടുത്തത്. 

ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർക്ക് മാത്രം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് ഹർജിക്കാരൻ ആയ കെഎസ്ആർ മേനോന്റെ അഭിഭാഷകൻ കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹർജിക്കാരന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെയും സംസ്ഥാന സർക്കാരിനെയും സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാട് തേടിയിരിക്കുകയാണ് കേരള ഹൈക്കോടതി. വന്ദേഭാരത് മിഷൻ വഴി വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ എന്ന് അറിയിക്കാനാണ് നിർദ്ദേശം. ഈ ഹര്‍ജി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്.