കൊച്ചി: കൊച്ചിയിൽ സിപിഐ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് ജില്ലയിലെത്തും. രാവിലെ കൊച്ചിയിൽ എത്തുന്ന കാനം രാജേന്ദ്രൻ ആലുവയിൽ മേഖല റിപ്പോർട്ടിംഗിലാണ് ആദ്യം പങ്കെടുക്കുക. 

മൂന്നു ജില്ലകളിലെ പ്രവർത്തകർക്കായാണ് മേഖലാ റിപ്പോർട്ടിംഗ്. തുടർന്ന് വൈകുന്നേരം ആലുവയിൽ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേരും. സിപിഐ മാർച്ചിനെക്കുറിച്ച് കാനം നടത്തിയ വിവാദ പരമ‌ർശങ്ങളിലെ അതൃപ്തി ജില്ലാ നേതൃത്വം ഇതിനകം തന്നെ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു.

ഇക്കാര്യത്തിലുള്ള അമർഷം യോഗത്തിൽ കാനത്തിനെ നേരിട്ട് അറിയിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ സംഭവം സംബന്ധിച്ച് ജില്ലാ കളക്ടറുടെ അന്വേഷണം പുരോഗമിക്കുകയാണ്. പരുക്കേറ്റ കൊച്ചി സിറ്റി എസിപി ലാൽജി, എസ്ഐ വിപിൻദാസ് എന്നിവരുടെ മൊഴി കളക്ട‌ർ ഇന്ന് രേഖപ്പെടുത്തും. അതേസമയം എംഎൽഎ യെ തങ്ങൾ മർദ്ദിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.