ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെടാന്‍ കാരണം ശബരിമലയിലെ യുവതീപ്രവേശം മാത്രമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നിട്ടില്ല എന്നാണ് വിലയിരുത്തലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ നിരവധി വിഷയങ്ങളില്‍ ഒന്ന് മാത്രമാണ് ശബരിമല. ദേശീയ തലത്തില്‍ ബദലുണ്ടാക്കാന്‍ കഴിയാഞ്ഞതും ഇടതുപക്ഷത്തിന് തിരിച്ചടിയായി. ജനങ്ങളില്‍ നിന്ന് സിപിഐ അകന്നെന്ന് പാര്‍ട്ടി വിലയിരുത്തലുണ്ടായി എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് അര്‍ഹതപ്പെട്ടതാണ്. ചെലവ് കുറച്ചും ചെലവില്ലാതെയും ആ പദവി കൈകാര്യം ചെയ്യാം. അങ്ങനെയൊരു പദവിയെ സിപിഐ നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി.പ്രളയാനന്തര പുനര്‍നിര്‍മ്മാണം സംബന്ധിച്ച് സമയം നീട്ടി നല്‍കിയിട്ടും ദുരിത ബാധിതരില്‍ പലരും അപേക്ഷ നല്‍കിയിട്ടില്ല. ഇത് പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.