തിരുവനന്തപുരം: മജിസ്റ്റീയൽ അധികാരം പൊലീസിന് നൽകുന്നതിന് ഇടതുപക്ഷം എതിരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആഭ്യന്തര വകുപ്പ് മാത്രം തീരുമാനിക്കേണ്ട കാര്യമല്ല ഇത്. രണ്ടു ദിവസത്തിനകം സിപിഎം - സിപിഐ ചർച്ച നടത്തി തീരുമാനിക്കുമെന്നും കാനം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തും കമ്മീഷണറേറ്റിനെ എതിര്‍ത്തിരുന്നു. ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുമ്പോഴും എതിർക്കുന്നു. ഇപ്പോഴിറങ്ങിയ ഉത്തരവിന് ഒരു വിലയുമില്ല. വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്നും കാനം പറഞ്ഞു. 

അതേസമയം ലളിത കലാ അക്കാദമിയുടെ അവാര്‍ഡിനര്‍ഹമായ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട വിവാദത്തോടും കാനം പ്രതികരിച്ചു. ലളിത കലാ അക്കാദമിയുടെ തീരുമാനത്തിൽ ഒരു മന്ത്രിക്കും ഇടപെടാനാകില്ല. സിനിമ അവാർഡ് പ്രഖ്യാപിച്ചിട്ട് വിവാദമുണ്ടായാൽ മാറ്റിപ്പറയുമോയെന്നും കാനം ചോദിച്ചു. കുന്നത്തുനാട് ഭൂമി വിവാദത്തില്‍ എ ജിയുടെ മുകളിലും നിയമം അറിയാവുന്നവരുണ്ട്. കുന്നത്തുനാട് വിഷയം സർക്കാരിന്‍റെ കാര്യമാണെന്നും സി പി ഐ യുടെ കാര്യമല്ലെന്നും കാനം വ്യക്തമാക്കി.