51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നത്. അജിത് കുമാർ, ശ്രീജിത് തുടങ്ങിയ പേരിൽ ലോൺ തട്ടിയത്. തിരിച്ചടവ് മുടങ്ങിയ ഈ ലോൺ വിവരം മറച്ചു വെച്ചു. വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
തിരുവനന്തപുരം: കണ്ടല ബാങ്കിൽ നിന്ന് സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ എൻ ഭാസുരാംഗൻ ബെനാമി പേരിൽ 51 കോടി രൂപ വായ്പ തട്ടിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. തിരിച്ചടവ് മുടങ്ങിയ ഈ വായ്പയുടെ വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. അറസ്റ്റിലായ മകൻ അഖിൽ ജിത്ത് കണ്ടലയിൽ നിന്ന് ലക്ഷങ്ങൾ ലോൺ എടുത്ത് വിവിധ കമ്പനികളിൽ നിക്ഷേപിച്ചെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കണ്ടല ബാങ്കിൽ നിന്ന് കോടികൾ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുൻ പ്രസിഡന്‍റ് എൻ ബാസുരാംഗനും കുടുംബവും കരുവന്നൂർ മാതൃകയിൽ നടത്തിയ വഴിവിട്ട ഇടപെടലിന്‍റെ വിവരം ഇഡിയ്ക്ക് ലഭിച്ചത്. ബാങ്കിൽ നിന്ന് ലോൺ തട്ടാൻ ഭാസുരാംഗന് ബെനാമി അക്കൗണ്ടുകളുണ്ടായിരുന്നു. ശ്രീജിത്, അജിത് എന്നീ പേരിലുള്ളത് ബെനാമി അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്. കൃത്യമായ ഈടുകളൊന്നുമില്ലാതെ ഈ അക്കൗണ്ടുവഴി 51 കോടി രൂപയുടെ വായ്പ നൽകി. വർഷങ്ങളായി തിരിച്ചടവ് മുടങ്ങിയിട്ടും ഈ ലോൺ വിവരം സഹകരണ ജോ. റജിസ്ട്രാർക്ക് കൈമാറരുതെന്ന് ഭാസുരാംഗൻ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയെന്ന് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കരുവന്നൂർ മാതൃകയിൽ മൂല്യം കുറഞ്ഞ ഭൂമി പല പേരുകളിൽ ഈടാക്കി കാണിച്ച് ഭാസുരാംഗൻ കുടുംബാഗങ്ങളുടെ പേരിലും വായ്പ നേടിയെന്ന് സെക്രട്ടറി ബൈജു രാജൻ മൊഴി നൽകിയിട്ടുണ്ട്. 2.36 കോടി രൂപയാണ് ഇത്തരത്തിൽ ലോണായി നേടിയത്. പലിശകൂടി ആകുമ്പോൾ ഇത് ഇരട്ടിയോടടുക്കും. മകൻ അഖിൽ ജിത്തും ബാങ്കിൽ നിന്ന് 71 ലക്ഷം രൂപയുടെ ലോൺ നേടി. ഒരേ വസ്തു പണയപ്പെടുത്തിയാണ് വിവിധ ലോൺ നൽൽകിയത്. ഈ പണം ബിആർഎം സൂപ്പർ മാർക്കറ്റ് അടക്കമുള്ള കമ്പനികളിൽ നിക്ഷേപിച്ചു. 10 ലക്ഷം രൂപ മാത്രം വാർഷിക വരുമാനമുള്ള അഖിൽ ജിത്ത് 2019 മോഡൽ ബെൻസ് കാർ 42 ലക്ഷം രൂപയ്ക്ക് വാങ്ങി.
കൂടാതെ ഭാര്യപിതാവിനെയും മറ്റും പങ്കാളികളാക്കി റജിസ്റ്റാർ ചെയ്ത മാളവിക എന്‍റർപ്രൈസസ് കമ്പനിയുടെ പേരിൽ ബാങ്കിൽ 33.90 ലക്ഷം രൂപ നിക്ഷേപിച്ചു. ഈ പണത്തിന്‍റെ ഉറവിടം ഏതെന്ന് കാണിക്കാൻ അഖിൽ ജിത്തിന് കഴിഞ്ഞില്ലെന്ന് ഇഡി വ്യക്തമാക്കുന്നു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ കള്ളപ്പണം എവിടേക്ക് ഒഴുക്കിയെന്നതിന്‍റെ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇഡി.

