ചില അസൗകര്യങ്ങൾ കാരണം മറ്റൊരു ദിവസം നൽകണമെന്നാണാണ് ഭാസുരാംഗന്‍റെ ആവശ്യം. ഇക്കാര്യത്തിൽ ഇഡി ഉടൻ തീരുമാനമെടുക്കും. 

തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി ബാങ്ക് മുൻ പ്രസിഡന്‍റ് എൻ ഭാസുരാംഗൻ നാളെ ഹാജരാകില്ല. ചില അസൗകര്യങ്ങൾ കാരണം മറ്റൊരു ദിവസം നൽകണമെന്നാണാണ് ഭാസുരാംഗന്‍റെ ആവശ്യം. ഇക്കാര്യത്തിൽ ഇഡി ഉടൻ തീരുമാനമെടുക്കും. നാളെ രാവിലെ കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു നോട്ടീസിലെ നിർദ്ദേശം. ഇന്നലെ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത്, മകൾ ഭിമ എന്നിവരെ പത്ത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചിരുന്നത്. ഭാസുരാംഗന്‍റെ നികുതി രേഖകൾ അടക്കം ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. 

കണ്ടലയിൽ പിടിമുറുക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഭാസുരാംഗൻ പ്രസിഡന്റായിരുന്ന കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്‍റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഭാസുരാംഗന്‍റെ മകന്‍ അഖിൽ ജിത്തിന്‍റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്.

Also Read: 'ഇക്കാര്യത്തിൽ ആര്‍ക്കും സംശയം വേണ്ട'; സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമെന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്