കാസർകോട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യ പ്രതി യൂത്ത് ലീഗ് നേതാവ് ഇർഷാദ് ഉൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറിയായ ഇർഷാദിനൊപ്പം യൂത്ത് ലീഗ് പ്രവർത്തകനായ  ഇസഹാഖ്, എംഎസ്എഫ് നേതാവ് ഹസൻ, മുണ്ടത്തോട് സ്വദേശി ആഷിർ എന്നിവരും പൊലീസ് കസ്റ്റഡിയിലുണ്ട്. 

യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിൽ എടുത്തത്. ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ ബുധനാഴ്ച രാത്രി തന്നെയാണ് ഇർഷാദ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസ തേടിയത്. ഗുരുതര പരിക്ക് ഇല്ലാത്തതിനാലാണ് ഡിസ്ചാർജ് വാങ്ങി പൊലീസ് കസ്റ്റഡിയിലിലെടുത്തത്. പ്രതികളെ മുഖ്യ സാക്ഷി ഷുഹൈബ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഹൃദയധമനിയിൽ കുത്തേറ്റതാണ് ഔഫിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വേഗത്തിൽ രക്തം വാർന്നത്  മരണത്തിനിടയാക്കി. ഔഫിന്റെ കബറടക്കത്തിന് ശേഷം ഇന്നലെ രാത്രി കല്ലൂരാവി പടന്നക്കാട് മേഖലകളിൽ ലീഗ് ഓഫീസുകൾക്കും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കും നേരെ ആക്രമണമുണ്ടായി. ഗ്രനേഡ് എറിഞ്ഞാണ് പൊലീസ് അക്രമി സ്ഥലത്തെ പിരിച്ചുവിട്ടത്. തുടർസംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കാഞ്ഞങ്ങാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കി.