ബിസിനസ് പക പോക്കലിന് നടത്തിയ ക്രൂരകൊലപാതകമാണിതെന്നും നിരപരാധികളെയും പകയിൽ കൊലപ്പെടുത്തിയെന്നും ഇതിനാൽ തന്നെ ജാമ്യം തേടിയുള്ള അപേക്ഷ തള്ളണമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

ദില്ലി: കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്‍റെയടക്കം ജാമ്യപേക്ഷകളിൽ അന്തിമവാദം കേൾക്കാൻ സുപ്രീംകോടതി. ഹർജികൾ അടുത്തമാസം പതിനേഴിലേക്ക് മാറ്റി. കേസിൽ ശിക്ഷ അനുഭവിക്കുന്ന സജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്. കേസിൽ ശിക്ഷയ്ക്കപ്പെട്ട് പതിനെട്ട് വർഷമായി താൻ ജയിലാണെന്നും ജാമ്യം നൽകി പുറത്തിറങ്ങാൻ അനുവാദം നൽകണമെന്നും കാണിച്ചാണ് കേസിലെ ആറാം പ്രതി സജിത്ത് സുപ്രീംകോടതിയെ സമീപിച്ചത്.

ഇത്രയും കാലം കഴിഞ്ഞ തനിക്ക് ജാമ്യത്തിന് ആർഹതയുണ്ടെന്നും സജിത്ത് ഹർജിയിൽ പറയുന്നു. എന്നാൽ സജിത്തിന്റെ ഹർജിയെ ശക്തമായി എതിർത്ത സംസ്ഥാനം സത്യവാങ്മൂലം സമർപ്പിച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന സജിത്ത് ക്രൂരഹൃദയനായ കുറ്റവാളിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ജാമ്യം തേടിയുള്ള സജിത്തിന്‍റെ ഹര്‍ജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജാമ്യത്തെ എതിര്‍ത്തതാണ് പരാമര്‍ശം. അപ്പീല്‍ പരിഗണിക്കാന്‍ നീണ്ടു പോകുന്നതിനാലാണ് ജാമ്യാപേക്ഷ സജിത്ത് കോടതിയില്‍ സമര്‍പ്പിച്ചത് . സജിത്ത് നീതിവ്യവസ്ഥയുടെ ദയ അര്‍ഹിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ബിസിനസ് പക പോക്കലിന് നടത്തിയ ക്രൂരകൊലപാതകമായിരുന്നു കണിച്ചുകുളങ്ങരയിലേതെന്നും പകയിൽ നിരാപരാധികൾ വരെ കൊല്ലപ്പെട്ടെന്നും സംസ്ഥാനം വ്യക്തമാക്കി. സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ കെ.എന്‍. ബാലഗോപാൽ, സ്റ്റാൻഡിംഗ് കൗണ്‍സില്‍ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. സജിത്തിനായി മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി, സുഭാഷ് ചന്ദ്രൻ, കവിത സുഭാഷ് എന്നിവർ ഹാജരായി.

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Latest News updates #asianetnews