ബാങ്കിലെ ജീവനക്കാര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ അവര്‍ പോലും അറിയാതെ വായ്പ എടുത്ത കേസിലാണ് അന്വേഷണത്തിലെ മെല്ലപ്പോക്ക്.

കോട്ടയം: കോട്ടയം കണ്ണിമലയില്‍ സിപിഎം നേതൃത്വത്തിലുളള സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ വായ്പാ തട്ടിപ്പ് കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. ബാങ്കിലെ ജീവനക്കാര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ അവര്‍ പോലും അറിയാതെ വായ്പ എടുത്ത കേസിലാണ് അന്വേഷണത്തിലെ മെല്ലപ്പോക്ക്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തട്ടിപ്പ് വ്യക്തമായെങ്കിലും പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നു കാട്ടി വഞ്ചനയ്ക്ക് ഇരയായവരില്‍ ചിലര്‍ കോട്ടയം എസ്പിയെ സമീപിച്ചു.

കോട്ടയം ചെറുവളളി സ്വദേശികളായ ഹരിചന്ദ്രലാലും ഭാര്യ സുമിതയും. കണ്ണിമലയിലെ സര്‍വീസ് സഹകരണ ബാങ്കിന്‍റെ കണക്കനുസരിച്ച് ഇരുവരും മുപ്പത് ലക്ഷത്തിലധികം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്. പക്ഷേ ബന്ധുകൂടിയായ ബാങ്കിലെ മുന്‍ജീവനക്കാരന്‍ പി ആര്‍ ഗിരീഷ് ചതിച്ചതാണെന്ന് ഹരിചന്ദ്രലാലും സുമിതയും രേഖകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. ഇരുവരുടെയും പേരിലുളള വസ്തുവോ സ്വര്‍ണമോ ഒന്നും ഈടായി നല്‍കാതേ പേരും വ്യാജരേഖകളും ഉപയോഗിച്ചാണ് ഗിരീഷ് ബാങ്കില്‍ നിന്ന് വായ്പയൊപ്പിച്ചത്. തിരിച്ചടവ് നോട്ടീസ് കിട്ടിയപ്പോള്‍ മാത്രമാണ് തട്ടിപ്പിനെ കുറിച്ച് ഇരുവരും അറിഞ്ഞത് പോലും.

വഞ്ചിക്കപ്പെട്ടതറിഞ്ഞ് ദമ്പതികള്‍ കോടതിയെ സമീപിച്ചതോടെ കോടതി നിര്‍ദേശ പ്രകാരം മുണ്ടക്കയം പൊലീസ് ബാങ്ക് ഭരണസമിതിക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തു. എന്നാല്‍ തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പരാതിക്കാരെ ഒരു ദിവസം മുഴുവന്‍ സ്റ്റേഷനില്‍ കൊണ്ട് ചെന്നിരുത്തി ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു പൊലീസ് ശ്രമമെന്ന് ഇരുവരും പറയുന്നു.

വിവരാവകാശ നിയമ പ്രകാരം ഇരുവരും ശേഖരിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ വ്യക്തമായത് ബാങ്കിലെ ഇരുമ്പൂന്നിക്കര ബ്രാഞ്ച് മാനേജര്‍ ഗിരീഷ് മാത്രമല്ല ബാങ്കിലെ വനിതാ ജീവനക്കാരടക്കം പലരും സമാനമായ രീതിയില്‍ വ്യാജരേഖകളുടെ പിന്‍ബലത്തില്‍ നാല് കോടിയോളം രൂപയുടെ വായ്പയെടുത്തെന്ന ഞെട്ടിക്കുന്ന വിവരമാണ്. അനധികൃതമായി വായ്പയെടുത്ത ജീവനക്കാരില്‍ ബ്രാഞ്ച് മാനേജരായിരുന്ന ഗിരീഷൊഴികെ ബാക്കിയെല്ലാവരും ഇപ്പോഴും ജോലിയില്‍ തുടരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

 ഗിരീഷിനെതിരെ പൊലീസില്‍ ബാങ്ക് പരാതി നല്‍കിയെങ്കിലും ഒരു വര്‍ഷമായി ഇയാള്‍ ഒളിവില്‍ തുടരുകയാണ്. ജീവനക്കാര്‍ അനധികൃതമായി വായ്പയെടുത്ത കാര്യം ബാങ്ക് ഭരണസമിതിയും ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിക്കുന്നു. എന്നാല്‍ ഇതില്‍ ഗിരീഷ് ഒഴികെ ബാക്കിയെല്ലാവരും കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നുണ്ടെന്നും ബാങ്കിന് സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്നുമാണ് വിശദീകരണം.

ബാങ്കിനെ കബളിപ്പിച്ച് വായ്പയെടുത്ത ജീവനക്കാര്‍ എങ്ങിനെ ജോലിയില്‍ തുടരുന്നു എന്ന ചോദ്യം ബാക്കിയാവുകയാണ്. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പിന്‍റെ സൂത്രധാരനെന്ന് ബാങ്ക് ആരോപിച്ച മുന്‍ മാനേജര്‍ ഗിരീഷിനെ അറസ്റ്റ് ചെയ്യാന്‍ ഒരു വര്‍ഷമായിട്ടും പൊലീസ് തയാറാകാത്തതിലും ദുരൂഹതകള്‍ ഏറെ. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി വഞ്ചനയ്ക്ക് ഇരയായവര്‍ കോട്ടയം എസ്പിയെ സമീപിച്ചത്. ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ക്രമക്കേട് വ്യക്തമാകുന്ന രേഖകള്‍ മുന്നില്‍ വന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും സഹകരണ വകുപ്പും വിഷയത്തില്‍ ഇനിയും ഇടപെടല്‍ നടത്തിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.