കണ്ണൂർ: മന്ത്രി ഇപി ജയരാജന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണെന്ന് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായത് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ. കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്. 

ഐഎൻടിയുസി കാസർകോട് ജില്ലാ സെക്രട്ടറി വിവി ചന്ദ്രൻ, ചെറുവത്തൂർ പഞ്ചായത്തംഗവും യൂത്ത് ലീഗ് നേതാവുമായ കെപി അനൂപ് കുമാർ,  ചെറുവത്തൂർ തുരുത്തിയിലെ പ്രിയദർശൻ  എന്നിവരാണ് പിടിയിലായത്.പയ്യന്നൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂർ വിമാനത്താവളത്തിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 17 ലക്ഷം ആവശ്യപ്പെട്ട പ്രതികൾ  50000 രൂപ അഡ്വാൻസും വാങ്ങി. 

വ്യവസായമന്ത്രി ഇപി ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു. കണ്ണൂർ  എയർപോർട്ടിൽ  ജോലി ചെയ്യുന്ന പലരും തങ്ങളുടെ സ്വാധീനത്തിൽ കയറിവരാണ് എന്നും പറഞ്ഞു. ഇടപാടുകളിൽ സംശയം തോന്നിയതോടെയാണ് യുവാവ് പരാതി നൽകിയത്. തട്ടിപ്പിൽ ഒരാൾക്ക്  കൂടി പങ്കുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ്  അറിയിച്ചു. കൂടുതൽ പേരിൽ നിന്ന് പണം തട്ടിയതായി സംശയമുണ്ട്.

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും  അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ്  പറഞ്ഞു. മന്ത്രിയുടെ പേരുപയോഗിച്ച് നടത്തിയ സമാന തട്ടിപ്പ് കേസുകൾ നേരത്തെയും രജിസ്റ്റ‍ര്‍ ചെയ്തിരുന്നു.