കണ്ണൂർ: മന്ത്രി ഇപി ജയരാജന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണെന്ന് പറഞ്ഞ് വീണ്ടും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്ന് പേരെ പയ്യന്നൂരിൽ പിടികൂടി. പയ്യന്നൂർ സ്വദേശിയിൽ നിന്ന് അരലക്ഷം രൂപ ജോലി വാഗ്ദാനം ചെയ്ത് അഡ്വാൻസ് വാങ്ങിയെന്ന് കണ്ടെത്തി.

ഈ സംഘം കൂടുതൽ പേരിൽ നിന്ന് പണം തട്ടിയതായി സംശയമുണ്ട്. മന്ത്രിയുടെ പേരുപയോഗിച്ച് നടത്തിയ സമാന തട്ടിപ്പ് കേസുകൾ നേരത്തെയും രജിസ്റ്റ‍ര്‍ ചെയ്തിരുന്നു. മന്ത്രിയുടേയും സിപിഎം നേതാക്കളുടെയും പേരിൽ കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. അൻപതിലധികം പേരിൽ നിന്നാണ് പണം തട്ടിയ കേസിൽ സിപിഎം മുൻ പ്രാദേശിക നേതാവിനെതിരെ അടക്കം കേസെടുത്തിരുന്നു. 

കാടാച്ചിറ മാളികപ്പറമ്പ് സ്വദേശി രാജേഷും തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസുമാണ് വൻ തട്ടിപ്പിന് പ്രതിസ്ഥാനത്തായിരുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെ പരാതികളെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. മകൾക്ക് എഞ്ചിനീയറുടെ ജോലി വാഗ്ദാനം ചെയ്താണ് അയൽവാസികൂടിയായ രാജനെ രാജേഷ് സമീപിച്ചതെന്നായിരുന്നു ആരോപണം. തുട‍ര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തതായി കണ്ടെത്തിയത്.