കണ്ണൂർ വിമാനത്താവള റൺവെ വികസനം അനിശ്ചിതത്വത്തിലാക്കി സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി. ഭൂമി വിട്ടുനൽകിയവർക്ക് നൽകേണ്ട ആയിരം കോടിയോളം രൂപ കണ്ടെത്തുക നിലവിൽ പ്രയാസമെന്ന് സിപിഎം തന്നെ സമ്മതിക്കുന്നു.
കണ്ണൂർ: കണ്ണൂർ വിമാനത്താവള റൺവെ വികസനം അനിശ്ചിതത്വത്തിലാക്കി സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി. ഭൂമി വിട്ടുനൽകിയവർക്ക് നൽകേണ്ട ആയിരം കോടിയോളം രൂപ കണ്ടെത്തുക നിലവിൽ പ്രയാസമെന്ന് സിപിഎം തന്നെ സമ്മതിക്കുന്നു. റൺവെ നീളം നാലായിരം മീറ്ററാക്കാതെ പിന്നോട്ടില്ലെന്ന് നിലപാടെടുത്ത സർക്കാരാണ്, ദുരിതത്തിലായ ഭൂവുടമകൾക്ക് മുന്നിൽ കൈമലർത്തുന്നത്.
എട്ട് വർഷത്തെ കാത്തിരിപ്പിനും കൈനീട്ടലിനുമൊടുവിലാണ് ഭൂമി വിട്ടുകൊടുത്ത് കുരുക്കിലായവരോട് സർക്കാരിന്റേത് അന്യായമാണ്. റൺവെ നാലായിരം മീറ്ററാക്കാനാണു ഭൂമി ഏറ്റെടുത്തത്. അതിനുണ്ടൊരു ഫ്ലാഷ്ബാക്ക്. 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ വിമാനത്താവളം ഉത്ഘാടനം ചെയ്യുമ്പോൾ പുറത്ത് സിപിഎം സമരം നടത്തിയിരുന്നു. റൺവെ നാലായിരം മീറ്ററാക്കാതെ പിന്നോട്ടില്ലെന്നായിരുന്നു പ്രഖ്യാപനം. ഭാവി മുന്നിൽക്കണ്ടന്നായിരുന്നു വിശദീകരണം.
ഇടത് സർക്കാർ വന്നപ്പോൾ വിജ്ഞാപനമിറക്കി. എന്നാൽ പ്രവർത്തനം തുടങ്ങിയപ്പോൾ പ്രതീക്ഷ തെറ്റി. വിമാനത്താവളം നഷ്ടത്തിലാകുക മാത്രമല്ല ഉള്ള റൺവെയിൽ തന്നെ ഇറങ്ങാൻ ചുരുക്കം വിമാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ ഭൂമി ഏറ്റെടുപ്പും നഷ്ടപരിഹാരവും സർക്കാരിനും ബാധ്യതയായി. തുടർന്ന് എട്ട് വർഷത്തിനിപ്പുറം ന്യായീകരണവുമായി സിപിഎം രംഗത്തെത്തിയിരുന്നു.
കിതയ്ക്കുന്ന വിമാനത്താവളത്തിന് നാലായിരം മീറ്റർ റൺവെ അടിയന്തര ആവശ്യമുണ്ടോ എന്നും നിർമാണവും ചെലവും താങ്ങാനാകുമോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. പണമില്ലാത്ത സർക്കാർ, നഷ്ടത്തിലോടുന്ന കിയാൽ, സമരം ചെയ്‌തൊടുവിൽ കൈമലർത്തുന്ന നേതാക്കൾ. അനിശ്ചിതത്വം ഏറുമ്പോൾ നിരാശരായ ജീവിതങ്ങൾ മാത്രം ബാക്കിയാകുന്നു.

