Asianet News MalayalamAsianet News Malayalam

''മതം മാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്'', വെളിപ്പെടുത്തലുമായി ചിത്രലേഖ-ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്

സിപിഎമ്മിൽ നിന്നുള്ള ആക്രമണവും ജാതി വിവേചനവും കാരണം ഇസ്ലാം മതത്തിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് വിശദാംശങ്ങൾ ചോദിക്കാൻ  ചിത്രലേഖയുടെ വീട്ടിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്.

kannur Chitralekha says Popular Front Behind her religious conversion
Author
kannur, First Published Nov 19, 2020, 8:44 AM IST

കണ്ണൂർ: കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖ ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതിന്റെ പിന്നിൽ  പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ ആണെന്നതിന്റെ തെളിവ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം നടത്തിയത് കൊണ്ടാണ് മതം മാറാൻ തീരുമാനിച്ചതെന്ന് ചിത്രലേഖ ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറയിൽ വെളിപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് നേതാക്കൾ രണ്ടു തവണ  വീട്ടിലെത്തി ചർച്ച നടത്തിയെന്നും മതം മാറ്റ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ചിത്രലേഖ വ്യക്തമാക്കുന്നു. 

സിപിഎമ്മിൽ നിന്നുള്ള ആക്രമണവും ജാതി വിവേചനവും കാരണം ഇസ്ലാം മതത്തിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് വിശദാംശങ്ങൾ ചോദിക്കാൻ  ചിത്രലേഖയുടെ വീട്ടിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്. ഇന്റർവ്യൂവിന് ശേഷമുള്ള സംഭാഷണത്തിൽ അവർ സ്വകാര്യമായി വെളിപ്പെടുത്തിയ കാര്യങ്ങൾ രഹസ്യ ക്യാമറയിൽ ഞങ്ങൾ പകർത്തി. മതം മാറിയാൽ വീടും ജോലിയും സാമ്പത്തിക സഹായവും ചെയ്തുതരാമെന്ന പോപ്പുലർ ഫ്രണ്ട്  വാഗ്ദാനം ചെയ്തെന്ന് ചിത്രലേഖ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാഹനം ഇങ്ങോട്ടെക്ക് വന്നിട്ടുണ്ടെന്നറിഞ്ഞ് അപ്പഴേക്കും എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രലേഖയുടെ വീട്ടിൽ വന്ന് ചർച്ച നടത്തിയ പോപ്പുലർ ഫ്രണ്ട് കാട്ടാംപള്ളി ഏരിയ പ്രസിഡന് നവാസ് നായ്കും എസ്ഡിപിഐ അഴീക്കോട് മണ്ഡലം സെക്രട്ടറി നവാസ് ടികെയുമാണ് ഞങ്ങളോട് സംസാരിച്ചത്.  ചർച്ച നടത്തിയ കാര്യം നിഷേധിച്ച ഇവർ ചിത്രലേഖ ഇസ്ലാം മതത്തിലേക്ക് വന്നാൽ പ്രാദേശികമായി സംരക്ഷണം നൽകുമെന്ന് അറിയിച്ചു. അതേ സമയം ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നിൽ തങ്ങളല്ലെന്നാണ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വങ്ങളുടെയും പ്രതികരണം.

Follow Us:
Download App:
  • android
  • ios