കണ്ണൂര്‍: കൊവിഡ് കേസുകൾ തുടർച്ചയായി കൂടുന്ന കണ്ണൂരിൽ ഇന്ന് മുതൽ കര്‍ശന നിയന്ത്രണം. മേയ് മൂന്ന് വരെ യാതൊരു വിധത്തിലുമുള്ള ഇളവുകളും കണ്ണൂരില്‍ ഉണ്ടാവില്ല. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതല്‍ അടയ്ക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ക്വാറന്‍റൈന്‍ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അറിയിച്ചിട്ടും ഇന്ന് രാവിലെ മുതല്‍ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കാസര്‍കോഡ് മാതൃകയിൽ ട്രിപ്പിൾ ലോക്ക് സംവിധാനത്തിൽ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധനയാണ് നടക്കുന്നത്. ഐജി അശോക് യാദവിന്‍റെ മേൽ നോട്ടത്തിൽ മൂന്ന് എസ്പി മാർക്കാണ് നിരീക്ഷണ ചുമതല.  

ആളുകൾ അനാവശ്യമായി പുറത്തിറങ്ങുകയാണെന്നും ഇവരെല്ലാം അറസ്റ്റിലാകുമെന്നും ഐ ജി അശോക് യാദവ് പറഞ്ഞു.  കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ജില്ല അതിര്‍ത്തി സീൽ ചെയ്‍തതായും ഐജി അറിയിച്ചു. അത്യാവശ മരുന്നുകൾക്കായി ആളുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.

ജില്ലയിൽ വിദേശത്ത് നിന്നെത്തിയ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിത്. ഹൈറിസ്ക് കാറ്റഗറിയിലുള്ളവർ 28 ദിവസം വരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയായിരുന്നു. എന്നാൽ   വിദേശത്ത് നിന്നെത്തി ഒരു രോഗലക്ഷണങ്ങളും ഇല്ലാതെ 29 ദിവസം പിന്നിട്ടവർക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

കണ്ണൂരിൽ പതിനെട്ട് കൊവിഡ് ഹോട്ട്‍സ്പോട്ടുകളാണുള്ളത്. കണ്ണൂർ കോർപ്പറേഷൻ,കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ, ഇരിട്ടി നരസഭകൾ, പാട്യം, മൊകേരി, ചൊക്ളി, കോട്ടയം മലബാർ, ഏരുവേശ്ശി, കടന്നപ്പള്ളി പാണപ്പുഴ, മാട്ടൂൽ, മാടായി, നടുവിൽ, കോളയാട്, ചിറ്റാരിപ്പറമ്പ് ,പെരളശ്ശേരി എന്നീ പഞ്ചായത്തുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

അതിനിടെ കണ്ണൂർ ന്യൂ മാഹിയില്‍ വിലക്ക് ലംഘിച്ച് പള്ളിയിലെത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇന്ന് പുലർച്ചെയാണ് സംഭവം. ഉസ്താദ് അടക്കമുള്ളവരാണ് പിടിയിലായത്. ഇവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. 

Read more: ലോക്ക് ഡൗൺ ലംഘിച്ച് നിസ്കാരം; കണ്ണൂർ ന്യൂ മാഹിയിൽ 4 പേർ അറസ്റ്റിൽ