ദിവ്യയുടെ വാദം തള്ളി കണ്ണൂർ കളക്ടർ; യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മൊഴി, നടപടിക്ക് സാധ്യത
നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കണ്ണൂർ കളക്ടർക്കെതിരെ നടപടിയെടുത്തേക്കും
കണ്ണൂർ: എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. സംഭവത്തിൽ വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു വിഭാഗം ജോയിൻ്റ് കമ്മീഷണർക്കാണ് കളക്ടർ മൊഴി നൽകിയത്. എഡിഎമ്മിൻ്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടറുടെ മൊഴിയിലുണ്ട്. ഇക്കാര്യം സ്റ്റാഫ് കൗൺസിലും സ്ഥിരീകരിച്ചു. മുൻകൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്നാണ് സ്റ്റാഫ് കൗൺസിൽ അംഗങ്ങളും എ.ഗീതയോട് പറഞ്ഞത്.
എ ഗീത റിപ്പോർട്ട് നൽകിയാൽ കളക്ടർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്നലെ കളക്ടർ പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. രാത്രിയിലാണ് കൂടിക്കാഴ്ച നടന്നത്.
നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീത ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ പ്രശാന്തിന്റെ മൊഴിയുമെടുത്തു. കേസിൽ പ്രതിയായ പി.പി.ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കുന്നുണ്ട്. അതേസമയം പ്രതിഷേധം കനക്കുന്നതിടെ ജില്ലാ കളക്ടർ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി.