മന്ത്രി എ.കെ. ശശീന്ദ്രന്‍റെ സഹോദരിയുടെ മകളെയും ഭർത്താവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവർക്കും സാമ്പത്തിക പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ.
കണ്ണൂർ: കണ്ണൂരിൽ ദമ്പതികളെ കത്തിക്കരിഞ്ഞ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ചുറ്റികയും ബോട്ടിലും കണ്ടെത്തിയിരുന്നുവെന്ന് മരിച്ച പ്രേമരാജിന്‍റെ ഡ്രൈവർ സരോഷ് പറഞ്ഞു. ദമ്പതികളുടെ മകനെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാനായി വീട്ടിലെത്തിയതായിരുന്നു. പ്രേമരാജന്‍റെ മുഖം കത്തിക്കരിഞ്ഞ നിലയിലാരുന്നുവെന്നും സരോഷ് പറഞ്ഞു.
മന്ത്രി എ കെ ശശീന്ദ്രന്‍റെ സഹോദരിയുടെ മകൾ ശ്രീലേഖയെയും ഭർത്താവ് പ്രേമരാജനെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ഡ്രൈവർ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ദമ്പതികളുടെ മകനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ വാഹനം എടുക്കാൻ എത്തിയതായിരുന്നു ഡ്രൈവർ. വാതിൽ തുറക്കാത്തതിനാൽ അയൽവാസികളെയും വിളിച്ച് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
രണ്ടു നില വീട്ടിലെ താഴത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. സമീപം ചുറ്റിക കണ്ടെത്തി. ശ്രീലേഖയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ജീവനൊടുക്കി എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കുടുംബത്തിന് സാമ്പത്തിക പ്രയാസങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് ഡ്രൈവറും അയൽവാസികളും പറയുന്നത്. രണ്ട് മക്കളും വിദേശത്താണ്. മക്കൾ അടുത്തില്ലാത്തതിന്‍റെ പ്രയാസം ഇരുവർക്കുമുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. ആ പ്രയാസം മരണത്തിന് കാരണമായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.



