കണ്ണൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ അഴീക്കലിൽ നിയന്ത്രണം ഏർപ്പെടുത്തി. അഴീക്കൽ ലൈറ്റ് ഹൗസിന് സമീപത്തെ  46 കാരന് രോ​ഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. ഇയാളുടെ രോ​ഗ ഉറവിടം അറിയാത്തതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. 

ഇതിനെത്തുടർന്ന് അഴീക്കോട് പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡ് പൂർണമായും അടച്ചു. കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങിൽ ഉൾപ്പടെ ഇയാൾ പങ്കെടുത്തിരുന്നു. ഇയാളുടെ സമ്പർക്ക പട്ടിക വിപുലമാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.

കണ്ണൂർ ജിലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 47 പേരിൽ 31 പേർക്കും സമ്പർക്കം വഴിയാണ് രോ​ഗം പകർന്നത്. ഒരു ആരോഗ്യ പ്രവർത്തകനും  , എസ്ഐക്കും കൊവിഡ് ബാധിച്ചു. തലശ്ശേരി പൊലീസ് കൺട്രോൾ റൂമിലെ എസ്ഐ, ഡിവൈഎസ്പി ഉൾപ്പെടെ 30 പോലീസുകാർ നിരീക്ഷണത്തിലാണ്. ഡിവൈഎസ്പി  ഓഫീസും , കൺട്രോൾ റൂമും താൽക്കാലികമായി അടച്ചു.  പരിയാരം മെഡിക്കൽ കോളേജിലെ അനസ്ത്യേഷ്യോളനിസ്റ്റാണ് ഇന്ന്  കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ. ഇതോടെ പരിയാരത്ത് രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം 23 ആയി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രവർത്തനം ഭാഗികമാക്കിയിരിക്കുകയാണ്. ചികിത്സ അത്യാഹിത രോഗികൾക്ക് മാത്രമായി ചുരുക്കി. വിവിധ ചികിത്സ വിഭാഗത്തിലെ ഒപികളുടെ പ്രവർത്തനം ഭാഗികമാക്കി. ന്യൂറോ പോസ്റ്റ് ഐസിയു , ഗ്യാസ്ട്രോ എൻ്റോളജി, കമ്യൂണിറ്റി മെഡിസിൻ , സി ടി, എം ആർ ഐ സ്കാൻ യൂണിറ്റുകൾ താൽക്കാലികമായി അടച്ചു. അനസ്തീഷ്യോളജിസ്റ്റുകൾ മുഴുവൻ  ക്വാറൻ്റീനിലായതോടെ ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുകയാണ്.

ഡോക്ട‍മാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ, ടെക്നീഷ്യൻമാർ തുടങ്ങി കൊവി‍ഡ് വാർഡിന് പുറത്ത് ജോലി ചെയ്യുന്ന 23 ആരോഗ്യ പ്രവർത്തകർക്കാണ് പരിയാരത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ആരുടെയും രോഗ ഉറവിടം വ്യക്തമാകാത്തതാണ് ആശങ്ക ഉയർത്തുന്നത്. സമ്പർക്കപ്പട്ടികയിലുള്ള നൂറോളം ആരോഗ്യ പ്രവ‍ർത്തകർ നിരീക്ഷണത്തിലാണ്. ഇതര രോഗങ്ങളുമായി എത്തുന്നവരിൽ നിന്നാണോ അതോ ആരോഗ്യ പ്രവ‍ർത്തകരിൽ നിന്നാണോ പരിയാരത്ത് വ്യാപനം ഉണ്ടാകുന്നത് എന്ന കാര്യത്തിൽ വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യ പ്രവർ‍ത്തക‍ർ കൂട്ടത്തോടെ ക്വാറന്റീനിൽ പോകേണ്ട സാഹചര്യം ആയതിനാൽ ആശുപത്രിയുടെ ദൈംനദിന പ്രവ‍ർത്തനത്തെയും ബാധിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ പരിയാരത്തേക്ക് കൊണ്ടുവരണം എന്ന ആവശ്യവും ഉയരുന്നുണ്ട്.