ബ്ലഡി കണ്ണൂര്‍ എന്ന ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെയാണ് ദിവ്യ രംഗത്തെത്തിയത്.

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. ബ്ലഡി കണ്ണൂര്‍ എന്ന ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെയാണ് ദിവ്യ രംഗത്തെത്തിയത്. 'ബ്ലഡി കണ്ണൂര്‍. മിസ്റ്റര്‍ ആരിഫ് ഖാന്‍ ഈ പരാമര്‍ശത്തിന് അങ്ങ് വലിയ വില നല്‍കേണ്ടി വരും. അധികം വൈകാതെ കുതിരവട്ടത്തേക് ഒരു മുറി അങ്ങയ്ക്കു ആവശ്യമായി വരും' എന്നാണ് ദിവ്യ ഫേസ്ബുക്കിലൂടെ പറഞ്ഞത്. 

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐയും രംഗത്തെത്തി. 'സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് സംസ്ഥാനത്തെ 2,000 കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും പ്രതിഷേധ ബാനര്‍ ഉയര്‍ത്തുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

ഡിവൈഎഫ്ഐ പ്രസ്താവന: ''കേരളത്തിലെ സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കാന്‍ വേണ്ടി സെനറ്റില്‍ ആര്‍എസ്എസുകാരെ കുത്തിതിരുകിയ ചാന്‍സിലറായ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ അതിശക്തമായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കാത്ത, ഭരണഘടന തത്വങ്ങള്‍ അട്ടിമറിക്കുന്ന കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമനിര്‍മ്മാണ സഭയുടെ തീരുമാനങ്ങളെ അംഗീകരിക്കാത്ത സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തി ഡിസംബര്‍ 18ന് കേരളത്തിലെ 2000 കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും തെരുവുകളില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തുകയും ചെയ്യും.''

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയും രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ആര്‍ഷോ വ്യക്തമാക്കിയത്. നാളെ നേരം പുലരും മുമ്പ് നൂറോളം ബാനറുകള്‍ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ഉയര്‍ത്തുമെന്നും ക്യാമ്പസുകളെ കാവിവത്ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആര്‍ഷോ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടെ ക്യാമ്പസില്‍ വീണ്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ ബാനര്‍ ഉയര്‍ത്തി. ആര്‍ഷോയുടെ നേതൃത്വത്തിലെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി വീണ്ടും കറുത്ത ബാനര്‍ ഉയര്‍ത്തിയത്. ശേഷം ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. 

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് ഗോവിന്ദന്‍ പറഞ്ഞു. 

'സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള'; എസ്എഫ്ഐക്ക് പിന്നാലെ ഡിവെെഎഫ്ഐയും, പ്രതിഷേധം 2000 സ്ഥലങ്ങളിൽ

YouTube video player