ദ്ദേശ തെരഞ്ഞെടുപ്പിനായി കണ്ണൂരടക്കം നാല് ജില്ലകൾ നാളെ ബൂത്തിലെത്തും. കണ്ണൂരിൽ കള്ളവോട്ട് നടന്നേക്കാമെന്ന ആശങ്കയിലാണ് ഇത്തവണയും നേതാക്കൾ. കള്ളവോട്ടുകൾ ചർച്ചയാകുമ്പോൾ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നടന്ന കള്ളവോട്ട് കേസുകൾ എന്തായി എന്നതൊന്ന് നോക്കാം. 

പിലാത്തറയിൽ സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന കേസിൽ കുറ്റപത്രം നൽകിയപ്പോൾ ചിലയിടത്ത് പ്രതികളെ കണ്ടെത്താൻ പോലും ആയിട്ടില്ല. പുതിയങ്ങാടിയിൽ കള്ളവോട്ട് ചെയ്ത കേസിൽ പ്രതിയായ മുസ്ലിലീഗ് പ്രവർത്തകൻ ഇത്തവണ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുമുണ്ട്. ബൂത്തിൽ കള്ളവോട്ടുണ്ടായാൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം നേരിടേണ്ടിവരുമെന്ന എരുവേശ്ശി കേസിലെ കഴിഞ്ഞ മാസത്തെ കോടതി ഉത്തരവ് ഏറെ നിർണ്ണായകമാണ്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പിലാത്തറ യുപി സ്കൂളിൽ തന്റെ ആദ്യ വോട്ട് ചെയ്യാൻ ഷാലെറ്റ് എത്തിയപ്പോഴേക്കും വോട്ട് മറ്റാരോ ചെയ്തിരുന്നു. താൻ വോട്ട് ചെയ്തേ മടങ്ങൂ എന്ന് പറഞ്ഞ് ഷാലറ്റ് ബൂത്തിൽ പ്രതിഷേധിച്ചു. തുടർന്ന് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സിപിഎം മുൻ പഞ്ചായത്ത് അംഗം ഉൾപെടയുള്ളവർ ഷാലറ്റിന്റെ ബൂത്തിൽ കള്ളവോട്ട് ചെയ്തതെന്ന് മനസിലായി. ഇവിടെ റി പോളിംഗ് വച്ചു. വോട്ട് ചെയ്ത് മടങ്ങുമ്പോൾ ഷാലറ്റിന് നേരെ പ്രദേശത്തെ സിപിഎമ്മുകാർ അസഭ്യ വർഷം നടത്തി. രാത്രി വീട്ടിന് ബോംബെറിഞ്ഞു. ഒരുകൊല്ലമിപ്പുറം തദ്ദേശ തെരഞ്ഞെടുപ്പ് എത്തുമ്പോൾ ആ അനുഭവം ഷാലറ്റ് ഓർക്കുന്നു.

കളള വോട്ട് ആരോപണം ഇല്ലാത്ത തെരഞ്ഞെടുപ്പുകൾ കണ്ണൂരിൽ ഉണ്ടാകാറില്ല. എന്നാൽ കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പുകളിലാണ് കള്ളവോട്ട് പൊലീസ് കേസായത്. പിലാത്തറ,പുതിയങ്ങാ‍ടി, പാമ്പുരുത്തി, വേങ്ങാട് എന്നിവിടങ്ങളിൽ കള്ളവോട്ട് ചെയ്തെന്ന പരാതി കേസായി. ഇവിടങ്ങളിലെല്ലാം റീ പോളിംഗും നടത്തി. പാമ്പുരുത്തിയിൽ 9 മുസ്ലിംലീഗ് പ്രവർത്തകരാണ് പ്രതികൾ. പിലാത്തറയിൽ കള്ളവോട്ട് ചെയ്തതിന് സിപിഎമ്മിന്റെ മൂന്ന് വനിത പ്രവർത്തകർക്ക് നേരെയാണ് കേസെടുത്തത്. ഈ കേസിൽ കുറ്റപത്രം കോടതിയിൽ നൽകി.  പുതിയങ്ങാടിയിലെ കള്ളവോട്ടിൽ പ്രതികളായവരിൽ ഒരാൾ ഇത്തവണ മാടായിപഞ്ചായത്തിലെ മുസ്ലിംലീഗ് സ്ഥാനാ‍ർത്ഥിയാണ്.

വീഡിയോ കാണാം

2014 ഏപ്രിലിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ എരുവേശ്ശി എയുപി സ്കൂൾ ബൂത്തിൽ വ്യാപക കള്ളവോട്ടു നടന്നു എന്ന പരാതിയിൽ ആറു കൊല്ലമിപ്പുറം കഴിഞ്ഞ മാസം തളിപ്പറമ്പ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ട ബിഎൽഓ ഉൾപെടെയുള്ള അഞ്ച് ഉദ്യോഗസ്ഥർ അന്വേഷണം നേരിടണം. പോൾ ചെയ്ത അൻപത്തിയെട്ട് കള്ളവോട്ടുകൾ ചെയ്തതത് ആരാണെന്ന് കണ്ടെത്തി കുറ്റപത്രം നൽകുകയും വേണം. ബൂത്തിൽ കള്ളവോട്ട് നടന്നാൽ ഉദ്യോഗസ്ഥരും അന്വേഷണം നേരിടേണ്ടിവരുമെന്ന കോടതി വിധിക്ക് ഏറെ മാനങ്ങളുണ്ട്. ജനാധിപത്യത്തെ പരിഹസിക്കുന്ന കള്ളവോട്ട് എന്ന പുഴുക്കുത്ത് ഇല്ലാതാകാൻ ശക്തമായ നിയമ നടപടി തുടരേണ്ടതുണ്ട്.