കാസർകോട്: മദ്രസാധ്യാപകരെ നിയമിക്കുമ്പോൾ ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ പള്ളിക്കമ്മിറ്റികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കാസർകോട് പൊലീസിന്‍റെ നോട്ടീസ്. നടപടി വിവാദമായതിനെ തുടർന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പള്ളിക്കമ്മിറ്റികൾക്ക് നൽകിയ നിർദ്ദേശം പിൻവലിക്കാൻ എസ്പി ഡി ശിൽപ്പ ഉത്തരവിട്ടു.

ആശയവിനിമയത്തിലെ അപാകത മൂലമാണ് ഇത്തരത്തിൽ നോട്ടീസ് നൽകിയതെന്നും പൊലീസിന് ഇത്തരം നിർദ്ദേശങ്ങൾ നൽകാൻ അധികാരമില്ലെന്നും എസ്പി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സമുദായത്തെയാകെ അപമാനിക്കുന്നതാണ് പൊലീസ് നടപടിയെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം സംഘടനകൾ രംഗത്തെത്തിയിരുന്നു.