കണ്ണൂർ ഡെന്‍റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ. ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് അധ്യാപിക നൽകിയ പരാതിയിലാണ് നിതിനെ വിളിച്ചതെന്നും, മോശമായി പെരുമാറുകയോ ഫോൺ പിടിച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നും പ്രിൻസിപ്പൽ വിനോദ് മോനി വ്യക്തമാക്കി. നിതിൻ തന്നെയാണ് ഫോൺ വെച്ചിട്ടുപോയതെന്നും അദ്ദേഹം ന്യായീകരിച്ചു

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് പ്രിൻസിപ്പൽ വിനോദ് മോനി രംഗത്ത്. നിതിൻ എടുത്ത വായ്പയുടെ പേരിൽ ലത എന്ന അധ്യാപികയ്ക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നുവെന്നും അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിതിനെ ചേംബറിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. നിതിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും ഫോൺ പിടിച്ചുവെച്ചിട്ടില്ലെന്നും വിനോദ് മോനി കൂട്ടിച്ചേർത്തു. ലോൺ ആപ്പിന് മാഡത്തിന്‍റെ പേര് കൊടുത്തിട്ടില്ലെന്നാണ് നിതിൻ പറഞ്ഞത്. കുടംബാംഗങ്ങളുടെ പേരാണ് നൽകിയിരുന്നതെന്നും അമ്മയുടെ പേരും ലത എന്നാണെന്നും നിതിൻ വ്യക്തമാക്കിയതായി പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. ലോൺ ആപ്പ് വിഷയം അറിയിക്കാൻ കുടുംബത്തിനെ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു എന്നാണ് പ്രിൻസിപ്പൽ പറയുന്നത്. ആ വിവരങ്ങളടക്കം പൊലീസിന് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതിന്‍റെ ഫോൺ പിടിച്ചുവെച്ചിട്ടില്ലെന്നും നിതിൻ തന്നെ വച്ചിട്ട് പോയതാണെന്നും പ്രിൻസിപ്പൽ ന്യായീകരിച്ചു.

പ്രിൻസിപ്പൽ പറഞ്ഞത്

അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിതിനെ ക്യാബിനിലേക്ക് വിളിപ്പിച്ചിരുന്നു. ലോൺ ആപ്പിന് മാഡത്തിന്‍റെ പേര് കൊടുത്തിട്ടില്ലെന്നാണ് നിതിൻ പറഞ്ഞത്. അച്ഛന്‍റെയും അമ്മയുടെയും സഹോദരിയുടെയും പേരും നമ്പറുകളുമാണ് കൊടുത്തതെന്നും നിതിൻ വിവരിച്ചു. അമ്മയുടെ പേര് ലത എന്ന് പറഞ്ഞപ്പോയാണ് മാഡത്തിന്‍റെയും പേര് ഒന്നാണെന്ന് മനസിലായത്. ലത മാഡത്തിന് ലോൺ ആപ്പിൽ നിന്ന് നിതിന്‍റെ പേരിൽ വന്ന ഭീഷണിയും പ്രൂഫുകളും അവര് കാണിച്ചു. ലോൺ ആപ്പിൽ നിന്ന് തുടർച്ചയായി ലത മാഡത്തിന് കോളുകൾ വന്നതിന്‍റെയടക്കം വിവരങ്ങൾ അവര് കാണിച്ചു. തന്‍റെ ചേംബറിൽ സംസാരിക്കുമ്പോൾ പോലും മാഡത്തിന്‍റെ ഫോണിലേക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി കോൾ വന്നിരുന്നു. ലോൺ തുക ഉടൻ അടയ്ക്കണം, ഇല്ലെങ്കിൽ പ്രശ്നമാകും എന്ന നിലയിലായിരുന്നു ഭീഷണി. ആരോപണ വിധേയരായ റാം എന്ന അധ്യാപകനും സംഗീത മാഡവും ആ സമയത്ത് ചേംബറിൽ ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. റാമുമായി ബന്ധപ്പെട്ട പരാതികളൊന്നും നിതിൻ തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രിൻസിപ്പൽ വിവരിച്ചു. സ്റ്റാഫ് റൂം പീഡന കേന്ദ്രമാണെന്ന നിതിന്‍റെ ശബ്ദ സന്ദേശം പുറത്തുവന്നത് കേട്ടെന്നും അങ്ങനെയൊരു സംഭവം തന്‍റെ അറിവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോൺ ആപ്പ് വിഷയം അറിയിക്കാൻ കുടുംബത്തിനെ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു എന്നാണ് പ്രിൻസിപ്പൽ പറയുന്നത്. ആ വിവരങ്ങളടക്കം പൊലീസിന് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതിന്‍റെ ഫോൺ പിടിച്ചുവെച്ചിട്ടില്ലെന്നും നിതിൻ തന്നെ വച്ചിട്ട് പോയതാണെന്നും പ്രിൻസിപ്പൽ ന്യായീകരിച്ചു.