Asianet News MalayalamAsianet News Malayalam

കണ്ണൂർ വിസി നിയമനം:മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷൻ അനുമതി തേടി കത്ത്,ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആണ് അനുമതി തേടിയത്.വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ തുടർച്ച ആയാണ് നടപടി
 

 Kannur VC appointment: Letter seeking permission for prosecution against Chief Minister, Governor's position is crucial
Author
First Published Sep 24, 2022, 10:36 AM IST

തിരുവനന്തപുരം:മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷൻ അനുമതി തേടി ഗവർണ്ണർക്ക് കത്ത്.കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആണ് അനുമതി തേടിയത്.വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ തുടർച്ച ആയാണ് നടപടി.ഇ മെയിലിൽ നൽകിയ കത്തിന് പിന്നാലെ രാജ് ഭവനിൽ നേരിട്ടും കത്ത് നല്കി.കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വജപക്ഷപാതം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരിക്കുന്നത്. മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ ഗവര്‍ണര്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിട്ടിരുന്നു.

'സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും'മുഖ്യമന്ത്രിക്കെതിരെ പരാതി

കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്‍റെ  അടിസ്ഥാനത്തിലാണ് ,കോൺഗ്രസ്. ജ്യോതികുമാർ ചാമക്കാല, വിജിലൻസിന് പരാതി നല്‍കിയത്.  തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് പരാതി നൽകിയത്.. കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവർണർക്ക് നൽകിയ കത്തുകളും മുഖ്യമന്ത്രിക്ക് കുരുക്കാക്കാനാണ് കോൺഗ്രസ് നീക്കം. മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിലും രവീന്ദ്രന്റെ പുനർനിയമന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവുമാണ്. അതിനാൽ മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നാണ് കോൺഗ്രസ്‌ നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ ആവശ്യം. 

മുഖ്യമന്ത്രിക്കും സർക്കാറിനും സിപിഎമ്മിനുമെതിരെ തുറന്നടിച്ചായിരുന്നു കഴിഞ്ഞ ദിവസം ഗവർണർ രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചത്. മുഖ്യമന്ത്രി അയച്ച കത്തുകളും ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തിൻറെ വീഡിയോയും പുറത്ത് വിട്ടായിരുന്നു രാജ്ഭവനിലെ അസാധാരണ വാർത്താ സമ്മേളനം. കണ്ണൂർ വിസിയുടെ പുനർനിയമനത്തിന് മുഖ്യമന്ത്രി നേരിട്ടെത്തി സമ്മർദ്ദം ചെലുത്തിയെന്നാണ് ഗവർണറുടെ തുറന്ന് പറച്ചിൽ. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ പ്രതിഷേധത്തിൻറെ ഗൂഡാലോചനയിൽ കെ.കെ രാഗേഷിന് പങ്കുണ്ടെന്നും അതിൻറെ പ്രത്യുപകാരമായാാണ് മുഖ്യമന്ത്രി രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതെന്നുമായിരുന്നു ഗവർണറുടെ ആരോപണം. 

അതിനിടെ, ഗവർണറെ തള്ളി ചരിത്ര കോൺഗ്രസ് പ്രതിഷേധത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ കണ്ണൂരിൽ ചരിത്ര കോൺഗ്രസിൽ പങ്കെടുത്ത് ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. 

'സിഎഎക്ക് എതിരെ പ്രതിഷേധം നടക്കുമ്പോഴാണ് കണ്ണൂരിൽ ചരിത്രകോൺഗ്രസ് പരിപാടി നടന്നത്. സിഎഎ നിയമത്തിന് അനുകൂലമായി ഗവർണർ അന്നവിടെ സംസാരിച്ചു. ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തി. ആ സമയത്താണ് പ്രതിഷേധം ഉയർന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്. കണ്ണൂർ വിസിയെ ഗവർണർ ക്രിമിനലെന്നും വിളിച്ചു. 92 വയസ്സുള്ള ഇർഫാൻ ഹബീബ് തന്നെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗവർണർ പറയുന്നത്. ഇർഫാൻ ഹബീബ് വർഷങ്ങളായി ആർഎസ്എസ് നയങ്ങൾക്ക് എതിരെ പോരാടുന്ന വ്യക്തിയാണ്. ഗോപിനാഥ് രവീന്ദ്രൻ രാജ്യത്തെ മികച്ച ചരിത്രകാരന്മാരിൽ ഒരാളുമാണ്. കാവി വൽക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രൻ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇരുവരും ആർഎസ്എസിന്റെ വെറുക്കപെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ചത്''. അതാണ് ഗവർണറുടെയും എതിർപ്പിന്റെ കാരണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.  

''വിസി നിയമനവുമായി ബന്ധപ്പെട്ടാണ് എല്ലാ സംസ്ഥാനങ്ങളിലും ഗവർണരുമായുള്ള തർക്കത്തിന്റെ കാരണം. സർവ്വകലാശാലകൾ രാഷ്ട്രീയ പരീക്ഷണ ശാല ആക്കാനാണ് ആർഎസ്എസിന്റെ നീക്കം. ആർഎസ്എസ് ബന്ധമുള്ളവരെ വിസിമാർ ആക്കാനാണ് ശ്രമം. കേരള സർവ്വകലാശാലയിൽ വിസി നിയമനത്തിന് ഏക പക്ഷീയമായി ഗവർണർ ശ്രമിക്കുകയാണ്. പക്ഷേ ആർഎസ്എസ് അജണ്ടക്ക് നിന്ന് കൊടുക്കാൻ കേരളത്തിന് കഴിയില്ല''. നേരിടാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

 

Follow Us:
Download App:
  • android
  • ios