Asianet News MalayalamAsianet News Malayalam

Kannur VC : 'സെർച്ച് കമ്മിറ്റി പിരിച്ചുവിട്ടത് ഗവർണറല്ലേ, നിങ്ങളെ ബോധിപ്പിക്കണ്ട കാര്യമില്ല', മന്ത്രി ബിന്ദു

'ചാൻസലറും പ്രോ ചാൻസലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തിൽ ചർച്ച ആകുന്നത് ശരിയല്ല. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ട'
 

Kannur VC Controversy Minister R Bindu Responds
Author
Thiruvananthapuram, First Published Dec 15, 2021, 5:12 PM IST

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനവിവാദത്തിൽ എല്ലാറ്റിലും ഗവർണറെ പഴിചാരി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി ആർ ബിന്ദു. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. 

താൻ ചാൻസലറായ ഗവർണർക്ക് എഴുതിയ കത്ത് പുറത്തുവന്നതിനെതിരെയും അവർ ആഞ്ഞടിച്ചു. ''ചാൻസലറും പ്രോ ചാൻസലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തിൽ ചർച്ച ആകുന്നത് ശരിയല്ല. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ട'', മന്ത്രി പറഞ്ഞു. 

വൈസ് ചാൻസലറുടെ നിയമനം ഹൈക്കോടതി അംഗീകരിച്ചത് സ്വാഗതാർഹമാണെന്നും വിസി നിയമനത്തിന് ശുപാർശ നൽകി കത്ത് നൽകിയ കാര്യം മാധ്യമങ്ങളുമായി ചർച്ച ചെയ്യുന്നത് ഡിപ്ലോമാറ്റിക് ആയി ശരിയല്ല എന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട കാര്യം ചോദിച്ചപ്പോൾ അത് ഗവർണറോട് ചോദിക്കണമെന്നും മാധ്യമങ്ങളെ ബോധിപ്പിക്കണ്ട കാര്യമില്ലെന്നും പറഞ്ഞ് മന്ത്രി ആർ ബിന്ദു ഒഴിഞ്ഞു മാറുകയാണുണ്ടായത്. 

ഗവർണർ തുറന്നുവിട്ട സർവ്വകലാശാലാ വിവാദത്തിൽ സർക്കാറിനെ ഏറ്റവും വെട്ടിലാക്കിയത് കണ്ണൂർ വിസി പുനർനിയമനം തന്നെയാണ്. ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളിയത് പിടിവള്ളിയാക്കി വിവാദങ്ങളെ നേരിടാനാണ് സർക്കാർ തീരുമാനം. 

ഇന്ന് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമനം സുതാര്യമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഒപ്പം, കണ്ണൂർ വിസിയെ നിയമിച്ച ശേഷം തള്ളിപ്പറഞ്ഞ ഗവർണറെ വിമർശിച്ചു. ഗവർണറുടെ കത്തിനും പരസ്യവിമർശനങ്ങൾക്കും പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറ്റപ്പെടുത്തൽ. 

മന്ത്രിസഭായോഗത്തിൽ പിണറായി നടത്തിയ ഈ വിമർശനം സിപിഎം നേതാക്കൾ ഇനി കൂടുതൽ ശക്തമാക്കും. ഇന്ന് കോടതി എതിർത്തെങ്കിൽ കണ്ണൂർ വിസിക്ക് പുറത്തുപോകേണ്ട സാഹചര്യമായിരുന്നു. ഒരു വേള വിസിയെ രാജിവെപ്പിച്ച് ഗവർണറുമായുള്ള സമവായ നീക്കം ആലോചിച്ചെങ്കിലും, കോടതി പറയട്ടെ എന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. അതേസമയം, ഇന്നത്തെ ആശ്വാസം നാളത്തെ തിരിച്ചടിയാകുമോ എന്ന ആശങ്കയും സർക്കാറിനുണ്ട്. 

ഇന്ന് കോടതിയിൽ തുണയായത് നിയമനം ഗവർണർ അംഗീകരിച്ചതാണെങ്കിൽ ഇപ്പോൾ നിയമനം ചട്ടം ലംഘിച്ചാണെന്ന നിലപാടിലാണ് ഗവർണർ. സർക്കാർ സമ്മർദ്ദത്തിന് വഴങ്ങേണ്ടിവന്നുവെന്ന ഗവർണറുടെ വെളിപ്പെടുത്തലും വിസിയെ പുനർനിയമിക്കാനാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അസാധാരണ കത്തും പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് നടപടി. കേസിൽ സുപ്രധാനമായ ഈ തെളിവുകളുമായി ഹർജിക്കാർ ഡിവിഷൻ ബെഞ്ചിലേക്ക് പോകുമ്പോൾ മന്ത്രിക്ക് പുറത്ത് പോകേണ്ട സാഹചര്യം വരെ ഉണ്ടാകാൻ സാധ്യത ബാക്കിയുണ്ട്.

സർക്കാർ ആശ്വസിക്കുമ്പോൾ മന്ത്രി ആർ ബിന്ദുവിന്‍റെ രാജിയിലേക്ക് വിവാദം കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുകയാണ് പ്രതിപക്ഷം. സമരവും നിയമനടപടികളുമായാണ് മുന്നോട്ട് പോകലാണ് ലക്ഷ്യം.

ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഒപ്പം ലോകായുക്തയെയും സമീപിക്കാനിരിക്കുകയാണ് രമേശ് ചെന്നിത്തല. സർക്കാറിനൊപ്പം സമ്മർദ്ദത്തിന് വഴങ്ങിയതിന് ഗവർണറെയും വിമർശിക്കുന്നു യുഡിഎഫ്.

Follow Us:
Download App:
  • android
  • ios