രാജ്യത്തെ മുസ്ലിം വിഭാഗം വഖഫ് സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍. ആശങ്കയകറ്റാൻ സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്നും എപി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു
കോഴിക്കോട്: രാജ്യത്തെ മുസ്ലിം വിഭാഗം വഖഫ് സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. വഖഫ് സ്വത്തുക്കൾ കയ്യേറ്റം ചെയ്യാൻ മഹല്ല് കമ്മിറ്റികൾ അനുവദിക്കരുതെന്നും ബില്ലിന്‍റെ അടിസ്ഥാനത്തിൽ വഖഫ് സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടെന്നും എപി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആശങ്ക അകറ്റാൻ മുന്നോട്ട് വരണമെന്നും എപി അബൂബക്കര്‍ മുസ്‍ലിയാര്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്‍റെ ബഹുസ്വര, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവര്‍ന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നാണ് നേരത്തെ എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിച്ചത്. എല്ലാ മതവിശ്വാസി സമൂഹങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവര്‍ക്കിടയിൽ വിവേചനവും അനീതിയും ഉണ്ടാക്കുന്നതാണ് പുതിയ ബില്ലെന്നും മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും എപി അബൂബക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ മുസ്ലീം ജീവിതത്തെ അപകടപ്പെടുത്താനും വഖപ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും എപി അബൂബക്കര്‍ മുസ്ലിയാര്‍ ആരോപിച്ചിരുന്നു.


