സ്ത്രീകൾക്കെതിരായ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്നാണ് കാന്തപുരത്തിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കാന്തപുരത്തിന്റെ പരാമർശം. അണികളോട് സംയമനം പാലിക്കാനും കാന്തപുരത്തിന്റെ ആഹ്വാനം. ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുകയാണ്. ഇതിലൂടെ വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നു. നിക്ഷിപ്ത താൽപര്യം തിരിച്ചറിയണം. അറിവന്വേഷണം അട്ടിമറിക്കുന്ന ദുഷ്ടലാക്കാണ്. സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെ തൃശൂരിലെ വേദിയിൽ സ്ത്രീകളെ രണ്ടാം സ്ഥാനക്കാരായി കാണുന്നില്ല എന്ന് കാന്തപുരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം നാളെ കോഴിക്കോട്ട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ വിഷയത്തിൽ കാന്തപുരം കൂടുതൽ വിശദീകരണങ്ങൾ നൽകും എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

കാന്തപുരത്തിന്‍റെ കുറിപ്പ്

സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാൻ. പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം. അല്ലാഹു എല്ലാവർക്കും നന്മകൾക്കു തൗഫീഖ് നൽകട്ടെ