സ്ഥിരം കുറ്റവാളിയാണ് ഫർസീൻ എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്‍റാണ് ഫർസീൻ. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താൻ പൊലീസ്. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ, ഡി ഐ ജിക്ക് കൈമാറി. മട്ടന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് ഒരു എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ നീക്കം. ഫർസീന് എതിരെ 19 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമാണ് ആവശ്യം. 

മട്ടന്നൂർ പൊലീസ് ഫർസീന്‍റെ കേസുകൾ സംബന്ധിച്ച വിവരം കമ്മീഷണർ ആർ ഇളങ്കോയ്ക്ക് കൈമാറി. എല്ലാം രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളിൽ പങ്കെടുത്ത കേസുകളല്ലെന്നും രാഷ്ട്രീയ വൈരാഗ്യം കാരണം മറ്റ് പാർട്ടികളിലുള്ളവരെ ആക്രമിച്ച കേസുകളുണ്ടെന്നുമാണ് കമ്മീഷണർ പറയുന്നത്. കാപ്പ നിയമത്തിന്‍റെ പരിധിയിൽ വരുന്ന നാല് കേസുകളുണ്ടെന്നും കാപ്പ ചുമത്തി നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ ആർ ഇളങ്കോ ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി. കാപ്പ ചുമത്താതിരിക്കാൻ കാരണം ബോധ്യപ്പെടുത്താൻ ഡിഐജി ഫർസീന് നോട്ടീസ് നൽകി. മറുപടി കിട്ടിയശേഷം പൊലീസ് നേരിട്ട് ഫർസീന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടി.

'ജലീലിനെ അറസ്റ്റ് ചെയ്യണം, 'ആസാദ് കശ്മീര്‍ ' പരാമര്‍ശത്തില്‍ കേസ് എടുക്കാത്തത് എന്തുകൊണ്ട്', വീണ്ടും പരാതി

ദില്ലി: 'ആസാദ് കശ്മീര്‍ ' പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസ് എടുക്കാത്തതിൽ വീണ്ടും പരാതിയുമായി അഭിഭാഷകൻ. ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി ഡിസിപിക്ക് അഭിഭാഷകൻ പരാതി നൽകി. സുപ്രീംകോടതി അഭിഭാഷകൻ ജി എസ്‌ മണിയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. ദില്ലി തിലക്മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എഫ് ഐ ആർ ഇട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. കശ്മീ‍ർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെ ടി ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങള്‍ വന്‍ വിവാദമായിരുന്നു.

'പാക്കധീന കശ്മീരെ ' ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ' ആസാദ് കശ്മീരെ ' ന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമർശം. എന്നാൽ ' പഷ്തൂണു' കളെ ഉപയോഗിച്ച് കശ്മീർ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തെയും നിലപാട്. ജലീലിന്‍റെ പോസ്റ്റിൽ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ദരും പ്രതികരിച്ചിരുന്നു.

എന്നാല്‍ വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ ടി ജലീലിന്‍റെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമായിരുന്നു ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്. എം വി ഗോവിന്ദനടക്കമുള്ള രണ്ട് മന്ത്രിമാർ കെ ടി ജലീലിന്‍റെ പരാമ‍ർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.