കൊച്ചി: പ്രളയത്തിൽ  കൃഷിഭൂമി നഷ്ടമായ കർഷകർക്ക് മാനദണ്ഡം മാത്രം കണക്കാക്കി നഷ്ടപരിഹാരം നൽകിയപ്പോൾ  യഥാർത്ഥ നഷ്ടത്തിന്‍റെ നാലിലൊന്ന് തുകപോലും പലർക്കും ലഭിച്ചില്ല. ഇടുക്കി പെരിയാർ വാലിയിലെ രവീന്ദ്രന് പറയാനുള്ളത് അത്തരമൊരു കഥയാണ്.

ഉരുൾപൊട്ടലിൽ കൃഷിഭൂമി ഒലിച്ചുപോയി. തൊഴിലില്ലാതെയായ ഈ കർഷകൻ  ബാങ്ക് ജപ്തിയുടെ കൂടി ഭീഷണിയിലാണിപ്പോൾ. മണ്ണും പാറയും ഇടിഞ്ഞ് ഇനി ഉപയോഗിക്കാനാവാത്ത വിധത്തിലായിരിക്കുകയാണ് രവീന്ദ്രന്‍റെ കൃഷിഭൂമി. 

"30 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ആ മഹാപ്രളയം എനിയ്ക്ക് സമ്മാനിച്ചത്. വീടും മൂന്ന് ഏക്കറോളം ഭൂമിയും നശിച്ചു. ബാങ്കിൽ നിന്ന് 23 ലക്ഷത്തോളം രൂപ ലോണും എടുത്തിരുന്നു. ഇനിയീ ഭൂമിയിൽ കൃഷിയിറക്കാനാവില്ല" രവീന്ദ്രൻ പറയുന്നു.

കടം തീർക്കാൻ എന്ത് ചെയ്യണമെന്നറിയാത്ത ദയനീയാവസ്ഥയിലാണ് രവീന്ദ്രനിപ്പോൾ. സംഭവം നടന്ന അന്ന് തന്നെ ബാങ്കിൽ പോയി ഫോട്ടോ കൊണ്ട് കൊടുത്തതാണെങ്കിലും ഇടയ്ക്കിയ്ക്ക് പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് വരുന്നുണ്ടെന്നും രവീന്ദ്രൻ പറയുന്നു.