അതിര്‍ത്തിയില്‍ സംഘര്‍ഷം തുടങ്ങിയപ്പോള്‍ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തിയ ചിലരാണ് കറാച്ചി എന്ന പേരിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയത്.

കോഴിക്കോട്: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധം ഒഴിവാക്കാന്‍ കോഴിക്കോട് പൊറ്റമ്മലിലുള്ള കാലിക്കറ്റ് കറാച്ചി ദര്‍ബാര്‍ റസ്റ്റോറന്‍റിന്‍റെ പേര് ഉടമ മറച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്ഥാനിലെ പ്രധാന നഗരത്തിന്‍റെ പേര് ഹോട്ടലിന് കൊടുക്കന്നത് പ്രകോപനം ഉണ്ടാക്കുമെന്ന് അഭിപ്രായം പരിഗണിച്ചാണ് ഹോട്ടല്‍ ഉടമ ബോര്‍ഡില്‍ നിന്നും കറാച്ചി എന്ന ഭാഗം ഒഴിവാക്കിയത്. 

രണ്ട് ശാഖകളാണ് നഗരത്തില്‍ കാലിക്കറ്റ് കറാച്ചി ദര്‍ബാര്‍ ഹോട്ടലിന് ഉള്ളത്. ദുബായിലെ പ്രശസ്തമായ കറാച്ചി ദര്‍ബാര്‍ ഹോട്ടലിന്‍റെ മാതൃക പിന്‍പ്പറ്റിയാണ് ഉടമ കോഴിക്കോട് ഹോട്ടല്‍ തുടങ്ങിയത്. കറാച്ചി വിഭവങ്ങളുടെ രുചി വൈവിദ്ധ്യമാണ് ഹോട്ടലിന്‍റെ പ്രത്യേകത. അതിനാല്‍ പേരിലും കറാച്ചിയെന്ന് വെച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടങ്ങിയപ്പോള്‍ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തിയ ചിലരാണ് കറാച്ചി എന്ന പേരിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയത്. ഇതോടെ ബോര്‍ഡിലെ ആ ഭാഗം മറച്ചു. ആരും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നല്ല ഇതെന്ന് ഉടമ ജംഷി പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഹൈദരാബാദിലും ബെംഗളൂരൂവിലുമൊക്കെ കറാച്ചി ബേക്കറികള്‍ക്ക് നേരെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കറാച്ചി എന്ന പേര് മറച്ചതെന്ന് ജംഷി ചൂണ്ടിക്കാട്ടുന്നു. വൈകുന്നേരം മുതല്‍ രാത്രി വരെയാണ് കോഴിക്കോട് ബീച്ചിലും പൊറ്റമ്മലിലും ആയി കറാച്ചി ദര്‍ബാര്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്.