''ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഎം ഈ ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് ജനുവരിയിൽ തന്നെ ഭരണസമിതിക്ക് അറിവുണ്ടായിരുന്നു''

കാസര്‍കോട്: കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പ് സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസല്‍. ഈ തട്ടിപ്പ് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഎം ഈ ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് ജനുവരിയിൽ തന്നെ ഭരണസമിതിക്ക് അറിവുണ്ടായിരുന്നു.

മാർച്ചിൽ നടത്തിയ പരിശോധനയിൽ സ്വർണം സഹകരണ സംഘത്തിൽ ഉണ്ടെന്ന് പ്രസിഡന്‍റ് ഒപ്പിട്ടു നൽകിയിട്ടുണ്ടെന്നും പി കെ ഫൈസല്‍ പറഞ്ഞു. സിപിഎം അറിവോടെ നടന്ന തട്ടിപ്പാണെന്നാണ് ബിജെപി നേതാവ് കെ ശ്രീകാന്തും ആരോപണം ഉന്നയിച്ചത്. സെക്രട്ടറി മാത്രം വിചാരിച്ചാൽ ഇങ്ങനെ ചെയ്യാൻ കഴിയില്ല. ആറു മാസം കൂടുമ്പോൾ ബാങ്കിൽ പരിശോധന നടത്തണം. എല്ലാ പരിശോധനയും അട്ടിമറിച്ചു ഓഡിറ്റിങ്ങിൽ വിവരം പുറത്ത് വന്നിട്ടും പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കി.

സമഗ്രമായ അന്വേഷണം വേണം. സഹകരണ സംഘങ്ങളെ സിപിഎം തട്ടിപ്പ് കേന്ദ്രങ്ങളാക്കി മാറ്റി. കേസിൽ മെല്ലെപ്പോക്ക് ഉണ്ടായെന്നും ശ്രീകാന്ത് പറഞ്ഞു. അതേസമയം, അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തു. ഇയാളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. രതീശൻ മാത്രമാണ് തട്ടിപ്പിന് ഉത്തരവാദിയെന്ന് ഏരിയ സെക്രട്ടറി വ്യക്തമാക്കി. തട്ടിപ്പ് അറിഞ്ഞപ്പോൾ തന്നെ വിവരം പൊലീസിനെ അറിച്ചെന്നും ഏരിയ സെക്രട്ടറി എം മാധവൻ വിശദമാക്കി. 

'കേരളത്തിൽ 20, യുപിയില്‍ 28, ഗുജറാത്തിൽ 2..'; 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: ബി ആർ എം ഷഫീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം