Asianet News MalayalamAsianet News Malayalam

കരകുളം ഇരട്ടകൊലക്കേസ്; മുഖ്യസാക്ഷിക്ക് പ്രതികളിൽ നിന്നും വധഭീഷണി

കരകുളത്ത് വച്ച് ശ്യാം- പ്രവീണ്‍ എന്നീ യുവാക്കളെ വെട്ടികൊന്ന കേസിലെ മുഖ്യസാക്ഷി സുധീഷിനാണ് വധ ഭീഷണി. വധഭീഷണിയെ തുടർന്ന് ജോലിക്ക് പോലും പോകാൻ കഴിയാതെ ഒളിവിൽ കഴിയുകയാണ് സുധീഷ്.

Karakulam double murder case death threat to main witness from accuseds
Author
Thiruvananthapuram, First Published Apr 25, 2022, 8:24 AM IST

തിരുവനന്തപുരം: കരകുളം ഇരട്ടകൊലക്കേസിലെ (Karakulam Twin Murder) മുഖ്യസാക്ഷിക്ക് പ്രതികളിൽ നിന്നും വധഭീഷണി. കരകുളത്ത് വച്ച് ശ്യാം- പ്രവീണ്‍ എന്നീ യുവാക്കളെ വെട്ടികൊന്ന കേസിലെ മുഖ്യസാക്ഷി സുധീഷിനാണ് പ്രതികളിൽ നിന്നും വധ ഭീഷണി ഉണ്ടായത്. വധഭീഷണിയെ തുടർന്ന് ജോലിക്ക് പോലും പോകാൻ കഴിയാതെ ഒളിവിൽ കഴിയുകയാണ് സുധീഷ്.

2011ലാണ് ബൈക്കിൽ സ‍‍ഞ്ചരിക്കുകയായിരുന്ന ശ്യാമിനെ പ്രവീണിനെയും അക്രമിസംഘം വെട്ടികൊലപ്പെടുത്തുന്നത്. കൊല്ലപ്പെട്ടവരുടെ പിന്നാലെ സുഹൃത്തുക്കളായ സുധീഷും ദിനുവും മറ്റൊരു ബൈക്കിൽ പോവുകയായിരുന്നു. സുധീഷിന്റെ മുന്നിൽ വച്ചാണ് സുഹൃത്തുക്കളെ വെട്ടികൊലപ്പെടുത്തിയത്. ഒരു ബൈക്ക് വാങ്ങിയതിലെ തർക്കമായിരുന്നു കൊലപാതത്തിൽ കലാശിച്ചത്. പ്രിൻസ്, രതീഷ്, സച്ചു തുടങ്ങിയ നിരവധിക്കേസിലെ പ്രതികളായ 14 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരട്ടകൊലപാതത്തിലെ പ്രതികളിൽ പലരും വീണ്ടും മറ്റ് കൊലക്കേസുകളിലും പ്രതികളായി. ഇരട്ടകൊലക്കേസിന്‍റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മുഖ്യസാക്ഷിയെ ഭീഷണിപ്പെടുത്തുന്നത്.

ഇരട്ടകൊലപാതകത്തിന് സാക്ഷിയായ ശേഷം അഞ്ച് വർഷത്തോളം സുധീഷിന് നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നിരുന്നു. ജയിലിൽ നിന്നിറങ്ങിയ പ്രതികളുടെ ഭീഷണിയെ തുടർന്നാണ് മാറി നിൽക്കേണ്ടി വന്നത്. തിരിച്ചെത്തി ഓട്ടോ ഓടിക്കുകയായിരുന്നു. ഇപ്പോള്‍ ജോലിക്ക് പോലും പോകാനാകുന്നില്ലെന്ന് സുധീഷ് പറയുന്നു. പൊലീസ് സ്റ്റേഷൻ പരാതി നൽകിയാൽ അപ്പോള്‍ പ്രതികള്‍ക്ക് ചോർന്ന് കിട്ടുമെന്നാണ് പ്രോസിക്യൂഷൻ സാക്ഷിയുടെ പരാതി. പുറത്തിറങ്ങിയാൽ ജീവൻ നഷ്ടമാകുന്ന സാഹചര്യം ചൂണ്ടികാട്ടി എഡിജിപിക്കും റൂറൽ എസ്പിക്കും പരാതി നൽകിയിട്ടും ഇതേവരെ പൊലീസിന്‍റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായില്ലെന്നും സുധീഷ് പറയുന്നു.

Follow Us:
Download App:
  • android
  • ios