തിരുവനന്തപുരം: കരമന കാലടി ഉമാമന്ദിരത്തിലെ സ്വത്തു തട്ടിപ്പ് കേസിൽ മുൻ കളക്ടർ ഉൾപ്പടെ പത്തു പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഉമാമന്ദിരത്തിലെ അവകാശികള്‍ മരിച്ചതിന് ശേഷം വ്യാജ രേഖയുണ്ടാക്കി അകന്ന ബന്ധുക്കളും കാര്യസ്ഥരും ചേർന്ന് സ്വത്ത് തട്ടിയെടുത്തുവെന്നാണ് കേസ്. പ്രതികള്‍ക്കെതിരായ കുറ്റം അതീവ ഗൗരവുമുള്ളതെന്ന വിലയിരുത്തലാണ് പ്രതികളുടെ ജാമ്യം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. 

മുൻ കളക്ടർ മോഹൻ ദാസ്,ഭാര്യ മായാദേവി, മുൻ കാര്യസ്ഥൻ സഹദേവൻ, വിൽപത്രത്തിൽ സാക്ഷിയായ അനിൽ കുമാർ, ലതാദേവി, ശ്യാംകുമാർ, സരസ ദേവി, സുലോചന ദേവി, വി.ടി.നായർ, ശങ്കരമേനോൻ എന്നിവരാണ് മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ നൽകിയിരുന്നത്. കേസിലെ മറ്റ് പ്രതികളായ കാര്യസ്ഥൻ രവീന്ദ്രൻ നായർ, വീട്ടുജോലിക്കാരിയായിരുന്ന ലീല എന്നിവർ ജാമ്യാപേക്ഷ നൽകിയിരുന്നില്ല. കരമന പൊലീസാണ് കേസെടുത്തിരിക്കുന്നത്.