എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചത്. അതേസമയം, മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയനെ പ്രഖ്യാപിച്ച് ബിജെപി. എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വിവിധ ചർച്ചകൾ നടന്നിരുന്നുവെങ്കിലും, സംഘടനാപരമായ പ്രവർത്തന പരിചയവും മണ്ഡലത്തിലെ സാന്നിധ്യവും പരിഗണിച്ചാണ് കരമന ജയനെ തെരഞ്ഞെടുത്തതെന്നാണ് സൂചന. അതേസമയം, മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ഇടതുമുന്നണിയിൽ ആശയക്കുഴപ്പവും അതൃപ്തിയും പുകയുകയാണ്. നിലവിലെ എംഎൽഎ ആന്റണി രാജുവോ അദ്ദേഹത്തിന്റെ പാർട്ടിയായ ജനാധിപത്യ കേരള കോൺഗ്രസോ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതാണ് മുന്നണിക്കുള്ളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതോടെയാണ് ആന്റണി രാജുവിന് മത്സരിക്കാനിറങ്ങാനാകാതെ പോയത്. പകരം മറ്റൊരു സ്ഥാനാർത്ഥിയെ ആന്റണി രാജു പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർത്ഥിത്വം വൈകുന്നത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രാദേശിക നേതൃത്വം.
