കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ നിര്‍ണ്ണായക പങ്കുണ്ടെന്ന് കണ്ടെത്തി  കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതോടെ രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുകയാണ്.  കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം ഇന്ന് രാവിലെ കോഴിക്കോട് നിന്നുമാണ് കാരാ‍ട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.  കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളിൽ പ്രമുഖനാണ് പിടിയിലായ കാരാട്ട് ഫൈസൽ എന്നിരിക്ക ഇടതുമുന്നണിക്കെതിരെ വീണുകിട്ടിയ രാഷ്ട്രീയ ആയുധം പരമാവധി പ്രയോജനപ്പെടുത്തുകയാണ് യുഡിഎഫ്. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണൻ നടത്തിയ ജനജാഗ്രതാ യാത്രക്കിടെ കാരാട്ട് ഫൈസലിന്‍റെ  മിനികൂപ്പർ കാറുപയോഗിച്ചത് നേരത്തെ വൻ വിവാദമായിരുന്നു .കാറ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതും അന്ന് കേസായി.  കൊടുവള്ളിയിലെ ലീഗ് കോട്ട തകർത്ത പിടിഎ റഹീമിന്‍റെ അടുത്ത അനുയായിയും ബന്ധുവുമാണ്  കാരാട്ട് ഫൈസൽ. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗൺ വാര്‍ഡിലെ കൗൺസിലറാകും മുമ്പേ നിരവധി സ്വർണ്ണക്കടത്ത് കേസുകളിൽ ഫൈസൽ പ്രതിയുമാണ്. നഗരസഭാ കൗൺസിലറായി വീണ്ടും മൽസരിക്കാനൊരുങ്ങുമ്പോഴാണ് ഫൈസൽ പിടിയിലാകുന്നതും. 

കാരാട്ട് ഫൈസൽ കസ്റ്റഡിയിലായ സംഭവം കൊടുവള്ളിയിൽ മാത്രമല്ല സംസ്ഥാനമൊട്ടാകെ പ്രചരിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. ഫൈസൽ പിടിയിലായതിന് പിന്നാലെ സിപിഎം ഓഫിസിലേക്ക് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. സ്വര്‍ണക്കടത്ത് കേസിൽ ഫൈസലിന്‍റെ ബന്ധം വ്യക്തമാകുമ്പോൾ ഇടത് മുന്നണിക്ക് മുട്ടിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു,