കോഴിക്കോട്/കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം ഇന്ന് രാവിലെ കോഴിക്കോട് നിന്നും കസ്റ്റഡിയിലെടുത്ത രാഷ്ട്രീയ നേതാവ് കാരാട്ട് ഫൈസൽ നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിലെ നിർണായക കണ്ണിയാണെന്ന് കസ്റ്റംസ്. 

സ്വർണക്കടത്തിൻ്റെ മുഖ്യആസൂത്രകനായ കെ.ടി.റമീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കാരാട്ട് ഫൈസലിലേക്ക് അന്വേഷണം എത്തിയത്. നിലവിൽ കൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസില‍ർ കൂടിയായ ഇയാളുടെ പേര് നേരത്തേയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരുന്നു. 

നയതന്ത്രചാനൽ വഴി ആദ്യം എത്തിച്ച 80 കിലോ സ്വ‍ർണം വാങ്ങിയവരെ കുറിച്ചുള്ള അന്വേഷണത്തിൽ കാരാട്ട് ഫൈസലിലേക്ക് അന്വേഷണസംഘം എത്തുന്നത്. കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥ‍ർ ഇന്ന് പുലർച്ചെ നാല് മണിയോ‌ടെയാണ് കൊടുവള്ളിയിലെ ഫൈസലിൻ്റെ വീട്ടിലെത്തിയത്. 

കോഴിക്കോട്ടെ കസ്റ്റംസ് യൂണിറ്റിനെ പോലും അറിയിക്കാതെ രണ്ട് കാറുകളിലായി ഫൈസലിൻ്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോ​ഗസ്ഥ‍ർ ഫൈസലിൻ്റെ വീട് വിശദമായി പരിശോധിച്ച ശേഷം ഇയാളുമായി കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു.