ഇടതുബന്ധം അവസാനിപ്പിച്ച് മുസ്ലിം ലീഗിലേക്ക് മടങ്ങിയ കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. തന്നെ തോൽപ്പിച്ചത് സിപിഎം നേതാക്കളാണെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് വികസന പദ്ധതികൾ അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും റസാഖ് വ്യക്തമാക്കി.

മലപ്പുറം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഇടതുബന്ധം അവസാനിപ്പിച്ച് മുസ്ലിം ലീഗിലേക്ക് മടങ്ങിയ കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്. ഇടതുസഹായാത്രികാരോട് സിപിഎമ്മിന് ഇരട്ട നീതിയാണെന്നും പാർട്ടി സ്നേഹികളെ ചേർത്ത് നിർത്താൻ സിപിഎമ്മിന് കഴിയുന്നില്ലെന്നും കാരാട്ട് റസാഖ് കുറ്റപ്പെടുത്തി. സഹയാത്രികർ എന്തും സഹിക്കണമെന്നാണ് സിപിഎം നിലപാട്. കൂടെ നിൽക്കുന്നവരുടെ താല്പര്യം സംരക്ഷിക്കാതെ, പാർട്ടിയുടെ നേട്ടം മാത്രം നോക്കുന്നു.

തന്നെ കഴിഞ്ഞതവണ തോൽപ്പിച്ചത് സിപിഎം നേതാക്കളാണെന്ന് വ്യക്തമായിരുന്നു. എന്നാൽ പരാതി നൽകിയിട്ടും പാർട്ടി നടപടി ഉണ്ടായില്ല. ഒരു അന്വേഷണം നടത്താൻ പോലും സിപിഎം തയ്യാറായില്ല. പാസാക്കിയ വികസന പദ്ധതികൾ ചില വ്യക്തികൾക്ക് വേണ്ടി അട്ടിമറിച്ചുവെന്നും ഇതിന് മന്ത്രി മുഹമ്മദ്‌ റിയാസ് കൂട്ട് നിന്നുവെന്നും കാരാട്ട് റസാഖ് ആരോപിച്ചു. വികസനപദ്ധതികൾ അട്ടിമറിച്ചാൽ സഹകരണം അവസാനിപ്പിക്കുമെന്ന് നേരത്തെ സിപിഎമ്മിന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ തിരുത്താൻ സിപിഎം തയ്യാറായില്ലെന്നും കാരാട്ട് റസാഖ് കുറ്റപ്പെടുത്തി. 

വർഗീയ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന് മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ല. താൻ മത്സരിച്ചാൽ വീണ്ടും ഇതേ സംഘം തോൽപ്പിക്കും. അതുകൊണ്ടാണ് വീണ്ടും മത്സരിക്കാത്തിരുന്നത്. യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും കാരാട്ട് റസാഖ് കൂട്ടിച്ചേർത്തു.