''സമുദായത്തിലെ പാവങ്ങളെ ആദ്യം രക്ഷപ്പെടുത്തണം. ഇപ്പോഴിരിക്കുന്ന നേതൃത്വത്തെ അവജ്ഞയോടെയാണ് നായന്‍മാര്‍ കാണുന്നത്.''

കൊല്ലം: സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരായ എന്‍എസ്എസ് പ്രതിഷേധത്തിനിടെ, നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കരയോഗം പ്രസിഡന്റ് അഞ്ചല്‍ ജോബ്. ഷംസീര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അഞ്ചല്‍ ജോബ് ചോദിച്ചു. സമുദായവും രാഷ്ട്രീയവും വേറെ വേറെയാണ്. സമുദായത്തിലെ പാവങ്ങളെ ആദ്യം രക്ഷപ്പെടുത്തണം. ഇപ്പോഴിരിക്കുന്ന നേതൃത്വത്തെ അവജ്ഞയോടെയാണ് നായന്‍മാര്‍ കാണുന്നത്. നേതൃത്വം തിരുത്തണമെന്നും അഞ്ചല്‍ ജോബ് ആവശ്യപ്പെട്ടു. കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പര്‍ കരയോഗത്തിന്റെ പ്രസിഡന്റാണ് അഞ്ചല്‍ ജോബ്. എന്‍എസ്എസ് പ്രതിഷേധം നടത്തുന്നതിനിടെ ഷംസീറിന്റെ പേരില്‍ അഞ്ചല്‍ ജോബ് ശത്രുസംഹാര പൂജ നടത്തുകയും ചെയ്തു. ഇടമുളക്കല്‍ മണികണ്‌ഠേശവ മഹാദേവ ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. 

അതേസമയം, എഎന്‍ ഷംസീറിനെതിരെ കടുത്ത വിമര്‍ശനവുമായി ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്തെത്തി. സ്പീക്കറിന്റേത് ചങ്കില്‍ തറച്ച പ്രസ്താവനയാണെന്ന് തുറന്നടിച്ച സുകുമാരന്‍ നായര്‍, വിശ്വാസ സംരക്ഷണത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും ഒപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി.

കേരളത്തില്‍ എല്ലാ മതങ്ങളെ സ്‌നേഹിച്ച് കൊണ്ടും അവരവരുടെ ആരാധനയെ ശരിവെച്ചുകൊണ്ടും മുന്നോട്ട് പോകുന്ന പാരമ്പര്യമാണ് ഹൈന്ദവന്റേത്. എന്നാല്‍ ആരാധിക്കുന്ന ഈശ്വരനെ നിന്ദ്യവും നീചവുമായി അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒരു തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ നേരിടേണ്ടി വരും. എന്‍എസ്എസും ബിജെപിയും ആര്‍എസ്എസും ഇക്കാര്യം പറഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തില്‍ അവരോടൊപ്പം യോജിച്ച് പ്രവര്‍ത്തിക്കാനാണ് എന്‍എസ്എസ് തീരുമാനമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഹൈന്ദവ വിരോധമാണ്. പ്രത്യേക സമുദായത്തില്‍പ്പെട്ട ആളുടെ പരാമര്‍ശത്തില്‍ വിട്ടുവീഴ്ചയില്ല. സ്പീക്കര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടിട്ടില്ല. അത് മാധ്യമ സൃഷ്ടിയാണ്. ഇത്രയും മോശമായ രീതിയില്‍ സംസാരിച്ച ആള്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് പറഞ്ഞിട്ടുണ്ട്. സ്പീക്കര്‍ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണമെന്നാണ് എന്‍എസ്എസിന് ആവശ്യപ്പെടാനുളളത്. അബദ്ധം പറ്റിയെന്ന് സമ്മതിച്ച് കൊണ്ട് മാപ്പു പറയണം. അങ്ങനെ ചെയ്യില്ലെങ്കില്‍ സ്പീക്കര്‍ക്കെതിരെ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണം. വിശ്വാസത്തില്‍ കവിഞ്ഞുള്ള ഒരു ശാസ്ത്രവും നിലനില്‍ക്കുന്നില്ല. ശാസ്ത്രത്തിന് അടിസ്ഥാനം പറയാന്‍ ഗണപതിയുടെ കാര്യത്തില്‍ മാത്രമേയുള്ളോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.


കണ്ണൂരിൽ സ്കൂളിലേക്ക് പോയ പതിനഞ്ചുകാരിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു

YouTube video player