ബസ് സ്റ്റോപ്പിൽ പൊലീസ് കാവൽ ആവശ്യപ്പെടും, അധ്യാപകരുടെ സാന്നിധ്യവും ഉറപ്പാക്കും
പാലക്കാട്: സദാചാര ആക്രമണം നേരിട്ട പാലക്കാട് കരിമ്പ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ബസ് സ്റ്റോപ്പിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കാൻ തീരുമാനം. സ്കൂളിൽ ചേർന്ന പിടിഎ എക്സിക്യുട്ടീവ് യോഗമാണ് ബസ് സ്റ്റോപ്പിൽ പൊലീസ് സാന്നിധ്യം ആവശ്യപ്പെടാൻ തീരുമാനിച്ചത്. പൊലീസ് കാവലിനൊപ്പം അധ്യാപകരുടെ സാന്നിധ്യവും ബസ് സ്റ്റോപ്പിൽ ഉറപ്പാക്കും. തർക്കം പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. നാട്ടുകാരേയും രക്ഷിതാക്കളേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും യോഗത്തിൽ പങ്കെടുപ്പിക്കും. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും പിടിഎ എക്സിക്യുട്ടീവ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും സ്കൂളിലേക്ക് വരുമ്പോൾ ഉണ്ടാകില്ലെന്നും എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നും സ്കൂൾ വ്യക്തമാക്കി.
കരിമ്പ സദാചാര ആക്രമണത്തിൽ മർദ്ദനമേറ്റ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് സിഡബ്ല്യുസി (CWC) ചെയർമാൻ എം.വി.മോഹനൻ. സംഭവത്തിൽ ഉൾപ്പെടെ എല്ലാവരെയും അറസ്റ്റ് ചെയ്തതതായി കല്ലടിക്കോട് പൊലീസ് അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മർദ്ദനമേറ്റ വിദ്യാർത്ഥികൾക്ക് എല്ലാ ചികിത്സാ സൗകര്യവും ഉറപ്പാക്കും. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുമെന്നും സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു. മാറ്റം വരേണ്ടത് സമൂഹത്തിന്റെ മാനസികാവസ്ഥയിൽ ആണെന്നും എം.വി.മോഹനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബസ് സ്റ്റോപ്പില്‍ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരിലാണ് കരിമ്പ എച്ച്എസ്എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചത്. ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്നു 5 പെൺകുട്ടികളും 5 ആൺകുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർത്ഥികള്‍ പരാതിയില്‍ പറയുന്നത്.
