Asianet News MalayalamAsianet News Malayalam

കരിപ്പൂര്‍ അപകടം: പ്രാഥമിക റിപ്പോർട്ട് ഈ ആഴ്ച തന്നെ തയ്യാറാക്കുമെന്ന് എയർ ഇന്ത്യ ചെയർമാൻ

റൺവേയിൽ 3000 അടി കടന്ന് ഇറങ്ങിയത് മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്നങ്ങളാണോ എന്നാണ് പ്രധാന പരിശോധന.

karippur plane crash report air india chairman reaction
Author
Delhi, First Published Aug 9, 2020, 1:39 PM IST

ദില്ലി/ കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ തയ്യാറാക്കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാൻ രാജീവ് ബെൻസൽ. അപകടത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ല. കരിപ്പൂർ വിമാന അപകടത്തെക്കുറിച്ച് എയർപോർട്ട് ആക്സിഡൻറ്സ് ഇൻവസ്റ്റിഗേഷൻ
ബ്യൂറോ ഇന്നലെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. വിമാനത്തിൻറെ ബ്ളാക്ക് ബോക്സ് അഥവാ ഡിജിറ്റൽ ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവ ദില്ലിയിൽ എത്തിച്ചു. ഇവ വിശദമായി പരിശോധിക്കാൻ സമയം എടുക്കുമെന്നും എയർ ഇന്ത്യ ചെയർമാൻ പറഞ്ഞു.

ഇപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കുന്നത്. അത് ഈ ആഴ്ച തന്നെ ഉണ്ടാകും. അന്വേഷണത്തോട് എയർ ഇന്ത്യ പൂര്‍ണ്ണമായും സഹകരിക്കുകയും എല്ലാ സഹകരണവും നൽകുകയും ചെയ്യുന്നുണ്ട്.റൺവേയിൽ 3000 അടി കടന്ന് വിമാനം ഇറങ്ങിയത് മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്നങ്ങളാണോ എന്നാണ് പ്രധാന പരിശോധന. വെള്ളക്കെട്ട്  അപകടത്തിന് ഇടയാക്കിയോ എന്നകാര്യത്തിൽ ഇന്നലെ തന്നെ അന്വേഷണ സംഘം തെളിവെടുത്തിരുന്നു. 

അപകടം നടന്ന് മണിക്കൂറുകൾക്കകം തന്നെ കരിപ്പൂരിലെത്തിയ കേന്ദ്ര വ്യോമയാന മന്ത്രി ദില്ലിയിൽ തിരിച്ചെത്തിയ ഉടനെ രാതി വൈകി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. പുലർച്ചെ ഒരു മണിവരെ നീണ്ടു നിന്ന യോഗത്തിൽ കരിപ്പൂർ വിമാനത്താവളത്തിനെ സൗകര്യം അടക്കമുള്ള കാര്യങ്ങൾ സമഗ്രമായി വിലയിരുത്തി. വിമാനം റൺവേ കടന്നാലും ഇരു വശങ്ങളിലും 240 മീറ്ററുള്ള സുരക്ഷിത മേഖല നിലവിൽ കരിപ്പൂരിലുണ്ട്. ഇതിനു പുറമെ വിമാനം പിടിച്ചുനിറുത്താൻ ആവശ്യമായ സാമഗ്രികൾ ഉപയോഗിച്ച് തയ്യാറാക്കുന്ന എഞ്ചിനീയറിംഗ് മെറ്റീരിൽ അറസ്റ്റിംഗ് സിസ്റ്റം, ഇഎംഎഎസ് കൂടി വേണോ എന്നും ആലോചിക്കുന്നുണ്ട്. 

റൺവേ വികസനത്തിന് സ്ഥലം എന്ന ആവശ്യവും കേന്ദ്രം ശക്തമാക്കും. ആവശ്യപ്പെട്ടതിന്‍റെ മൂന്നിലൊന്ന്
സ്ഥലമെങ്കിലും ഉടൻ എടുത്തു നല്കാൻ കഴിമോ എന്ന് പരിശോധിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടും.

Follow Us:
Download App:
  • android
  • ios