Asianet News MalayalamAsianet News Malayalam

കരിപ്പൂർ വിമാനത്താവളത്തിൽ ഈ മാസം 28 മുതൽ പകലും സർവീസ്; റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായി

ജനുവരിയില്‍ തുടങ്ങിയ റണ്‍വേ റീ കാര്‍പ്പറ്റിംഗ് ജോലി ജൂണില്‍ പൂര്‍ത്തീകരിച്ചെങ്കിലും വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലി നീണ്ടു പോവുകയായിരുന്നു

karipur airport to continue operation during nights from 28th october kgn
Author
First Published Oct 20, 2023, 6:55 AM IST

കോഴിക്കോട്: റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് വൈകിട്ട് മുതൽ രാവിലെ വരെ മാത്രമാണ് നിലവില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ വൈകിട്ട് ആറ് മുതൽ രാവിലെ പത്തു മണി വരെയായി പുനഃക്രമീകരിച്ചിരുന്നു. രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെയാണ് റൺവേ ജോലികൾ നടന്നത്. റണ്‍വേ റീകാര്‍പ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്.

ഈ മാസം 28 മുതല്‍ 24 മണിക്കൂർ സര്‍വീസ് തുടങ്ങും. ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും. ജനുവരിയില്‍ തുടങ്ങിയ റണ്‍വേ റീ കാര്‍പ്പറ്റിംഗ് ജോലി ജൂണില്‍ പൂര്‍ത്തീകരിച്ചെങ്കിലും വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലി നീണ്ടു പോവുകയായിരുന്നു. മണ്ണ് ലഭിക്കാത്തതായിരുന്നു പ്രധാന പ്രശ്നം. മഴ കൂടി തുടങ്ങിയതോടെ ഈ പണി നീണ്ടു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ പണികളെല്ലാം പൂര്‍ത്തിയായത്. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios