Asianet News MalayalamAsianet News Malayalam

കരിപ്പൂർ അപകടം മംഗലാപുരം ദുരന്തത്തിന് സമാനം, കോക്പിറ്റ് മുതൽ മുൻവാതിൽ വരെ പിളർന്നു

കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിൽ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു.

karipur flight accident flight broken to two pieces air india briefs details live updates
Author
Kozhikode International Airport, First Published Aug 7, 2020, 9:18 PM IST

കോഴിക്കോട്: കരിപ്പൂരിലേത് വൻവിമാനദുരന്തമാണെന്ന് പ്രാഥമികവിവരം. മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തേത് പോലെ ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലുമുള്ളത്. കനത്ത മഴയായതിനാൽ റൺവേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റൺവേയിൽ നിന്ന് തെന്നിമാറി വിമാനം മതിലിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളർന്നുവെന്നാണ് വിവരം. 

ടേബിൾടോപ്പ് വിമാനത്താവളം - അഥവാ - രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗർത്തങ്ങളുള്ള വിമാനത്താവളമാണ് കരിപ്പൂരിലേത് എന്നത് റൺവേയിൽ നിന്ന് തെന്നിമാറിയതിലെ ദുരന്തസാധ്യത കൂട്ടി. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂർ വിമാനത്താവളം. രാത്രിയായതും പ്രതികൂല കാലാവസ്ഥയായതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. 

മേശപ്പുറം പോലുള്ള റണ്‍വേ ആണ് എന്നതിനാലാണ് ഇതിനെ ടേബിൾ ടോപ്പ് വിമാനത്താവളം എന്ന് പറയാൻ കാരണം. കുന്നിന്‍പരപ്പില്‍ സ്ഥിതിചെയ്യുന്ന ഇത്തരം റണ്‍വേകള്‍ക്കും ചുറ്റും താഴ്ചയുള്ള സ്ഥലമായിരിക്കും. അല്‍പ്പം തെറ്റിയാല്‍ മേശപ്പുറത്തുനിന്നു വീഴുമ്പോലെ താഴേക്ക് പതിക്കും. ഒപ്റ്റില്‍ക്കല്‍ ഇല്ല്യൂഷന്റെ തീവ്രതയുണ്ടാവുമെന്നതിനാല്‍ വിമാനം നിലത്തിറങ്ങുന്ന സമയത്ത് പൈലറ്റിന്റെ ഭാഗത്തുനിന്നും തികഞ്ഞ ശ്രദ്ധ ആവശ്യമുണ്ട്. ഇന്ത്യയില്‍ മംഗലാപുരം, കോഴിക്കോട്, മിസോറാമിലെ ലെങ്പൊയി എന്നിവിടങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്.

കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിൽ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു. വന്ദേഭാരത് മിഷനിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ, ക്യാപ്റ്റൻ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത് എന്നാണ് വിവരം. പൈലറ്റ് ദീപക് സാഥെ മരിച്ചതായാണ് പ്രാഥമികവിവരം. രണ്ട് യാത്രക്കാരും മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സഹപൈലറ്റ് അഖിലേഷിന് സാരമായ പരിക്കേറ്റുവെന്നും വിവരമുണ്ട്. പൈലറ്റിനെ പുറത്തെടുക്കുമ്പോൾ തന്നെ ബോധം ഇല്ലായിരുന്നു എന്ന് രക്ഷാപ്രവർത്തകർ പറയുന്നു. 

എയർ ഇന്ത്യ പുറത്തിറക്കിയ ഏറ്റവും പുതിയ റിലീസിലെ വിവരം:

Air India Express flight IX 1344 operated by B737 aircraft from Dubai to Calicut overshot runway at Kozhikode at 1941 hrs tonight. No fire reported at the time of landing.  

There are 174 passengers, 10 Infants , 2 Pilots and 5 cabin Crew on board the aircraft. 

As per the initial reports rescue operations are on and  Passengers are being taken to hospital for medical care. 

We will soon share the update in this regard.

Rajeev Jain
Addl DG Media, Moca

വിമാനത്താവളത്തിന്‍റെ മതിലിൽ തട്ടി വിമാനത്തിന്‍റെ ചിറകുകൾ തകർന്നു. ഇതിനുള്ളിൽ സംഭരിച്ചിരുന്ന വിമാന ഇന്ധനം നിറച്ച് ടാങ്ക് പൊട്ടിത്തകരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയെന്നാണ് വിവരം. മംഗലാപുരം ദുരന്തത്തിൽ വിമാനം താഴേക്ക് വീണപ്പോൾ തീപിടിച്ചാണ് നിരവധിപ്പേർ മരിച്ചത്. എന്നാൽ ഇത്തരത്തിലൊരു ദുരന്തം ഇവിടെ ഉണ്ടായിട്ടില്ല. എന്നാൽ യാത്രക്കാർക്ക് എല്ലാവർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. നിരവധി ആംബുലൻസുകളാണ് സ്ഥലത്തേക്ക് എത്തിച്ചിരിക്കുന്നത്. നിരവധി ഫയർ എഞ്ചിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. 

കോഴിക്കോട് മിംസ് ആശുപത്രി, മെഡിക്കൽ കോളേജ്, തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്കാണ് പരമാവധി യാത്രക്കാരെയും എത്തിച്ചിരിക്കുന്നത്. മിംസ് ആശുപത്രിയിലേക്ക് എട്ടുപേരെയാണ് എത്തിച്ചിരിക്കുന്നത്. 

തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios