കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ വിമാനത്താവളത്തിലെ അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ അടിയന്തിര ഇടപെടൽ നിരവധി ജീവൻ രക്ഷിച്ചുവെന്ന് വിലയിരുത്തൽ. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേതാണ് വിലയിരുത്തൽ. അപകടത്തിന് ശേഷം വിമാനത്തിൽ നിന്ന് ഓയിൽ പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. എന്നാൽ നാല് മിനുറ്റ് കൊണ്ട് അപകട സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ വിഭാഗം കൂടുതൽ അപകടം ഉണ്ടാവാതെ കാത്തുരക്ഷിച്ചുവെന്നാണ് റിപ്പോർട്ട്.

അതേസമയം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍  ജനറല്‍ അരുണ്‍ കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്. കരിപ്പൂര്‍ അപകടത്തിന് കാരണം ലാൻഡിങ് പിഴവാണെന്ന അരുണ്‍ കുമാറിന്‍റെ പ്രസ്താവനയ്ക്ക് എതിരെയാണ് പ്രതിഷേധം. അരുണ്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാര്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തെഴുതി. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് നിഗമനത്തില്‍ എത്തിയത് എങ്ങനെയെന്നാണ് ചോദ്യം. അപകടത്തില്‍ മരിച്ച പൈലറ്റുമാരെ ഡിജിസിഐ അപമാനിച്ചെന്നും കത്തില്‍ കുറ്റപ്പെടുത്തി. 

ആഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്നെത്തിയ ഐഎക്സ് 1344 വിമാനം അപകടത്തിൽപെട്ട് യാത്രക്കാരും ജീവനക്കാരും അടക്കം 18 പേർ മരിച്ച സാഹചര്യത്തിലാണ് ഡിജിസിഎ ഉത്തരവ്. അപകടത്തിൽ പരിക്കേറ്റ 86 പേരാണ് ചികിത്സയിലുള്ളത്.  24 പേർക്ക് കാര്യമായ പരിക്കുണ്ട്. 60 പേരുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മഴക്കാലത്ത് വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കുന്നത് ഡിജിസിഎ തടഞ്ഞു.

കരിപ്പൂർ വിമാനാപകടം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക് പിറ്റ് വോയിസ് റെക്കോർഡറും വിശദമായി പരിശോധിച്ച് വരികയാണ്. അമേരിക്കയിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡുമായും ബോയിംഗിന്‍റെ സംഘവുമായും സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. അതിനിടെ തകർന്നുകിടക്കുന്ന വിമാനത്തിന്‍റെ ഭാഗങ്ങൾ ടാർപോളിൻ ഉപയോഗിച്ച് മറച്ചുവെച്ചിരിക്കുകയാണിപ്പോൾ.