കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട സ്വര്‍ണത്തിന് സംരക്ഷണം നല്‍കാന്‍ സൂഫിയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി. 

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണ കവര്‍ച്ചാശ്രമകേസിലെ പ്രധാന ആസൂത്രകരില്‍ ഒരാളായ കൊടുവളളി സ്വദേശി സൂഫിയാന്‍ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. രാമനാട്ടുകരയില്‍ വാഹനാപകടം ഉണ്ടായ ദിവസം സംഭവസ്ഥലത്ത് സൂഫിയാനെത്തിയിരുന്നു എന്ന് മലപ്പുറം എസ്പി സുജിത് പറഞ്ഞു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

താമരശേരി സ്വദേശി മൊയ്തീന്‍ യുഎഇയില്‍ നിന്ന് കടത്താന്‍ പദ്ധതിയിട്ട സ്വര്‍ണ്ണത്തിന് സംരക്ഷണം നല്‍കാനും ഇത് തട്ടിയെടുക്കാന്‍ വരുന്ന അര്‍ജ്ജുന്‍ അടങ്ങുന്ന സംഘത്തെ കൈകാര്യം ചെയ്യാനും ക്വട്ടേഷനെടുത്തത് സൂഫിയാന്‍റെ നേതൃത്വത്തിലുളള സംഘമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ചെര്‍പുളശേരിയില്‍ നിന്നുളള ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയും ക്വട്ടേഷന്‍ നടപ്പാക്കാനായി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതും സൂഫിയാനാണെന്ന് പൊലീസ് പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. 

രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേര്‍ മരിച്ചതറിഞ്ഞ് സൂഫിയാന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നതായും പൊലീസിന് വിവരം കിട്ടിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെയായിരുന്നു നാടകീയമായ കീഴടങ്ങല്‍. നേരത്തെ യുഎഇയില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് നടത്തി രണ്ടുവട്ടം പിടിയിലായ സൂഫിയാന്‍ കൊഫെപോസെ ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുമുണ്ട്. 

സൂഫിയാൻ സഞ്ചരിച്ച വാഹവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരൻ ഫിജാസിനെയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ ഇനിയും പിടിയിലാവാനുണ്ടെന്ന് എസ്പി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.