സി ഐ എസ് എഫ് അസിസ്റ്റന്റ് കമാന്റ ന്റ് ഉൾപ്പെടെയുള്ളവർക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ വിവരത്തെ തുടർന്നാണ് നവീന്റെ ഫ്ലാറ്റിൽ പരിശോധന നടക്കുന്നത്.
മലപ്പുറം: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് നവീനിൻ്റെ ഫ്ളാറ്റിൽ പൊലീസ് പരിശോധന നടത്തുന്നു. കൊണ്ടോട്ടി തലേക്കരയിലെ നവീനിന്റെ താമസ സ്ഥലത്താണ് കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. കരിപ്പൂരിൽ സ്വർണ്ണക്കടത്തിനു ഉദ്യോഗസ്ഥർ ഒത്താശ നൽകുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന. സ്വർണ്ണക്കടത്തിൽ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചുള്ള വിവരം പൊലീസ് കസ്റ്റംസിനു കൈമാറിയിരുന്നു. സി ഐ എസ് എഫ് അസിസ്റ്റന്റ് കമാന്റ ന്റ് ഉൾപ്പെടെയുള്ളവർക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ വിവരത്തെ തുടർന്നാണ് നവീന്റെ ഫ്ലാറ്റിൽ പരിശോധന നടക്കുന്നത്.
കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിന് വേണ്ടി ഉദ്യോഗസ്ഥർ ഇടപെട്ടതിന്റെ തെളിവുകളാണ് കേരളാ പൊലീസിന് ലഭിച്ചത്. ഈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 60 തവണ കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ദിവസങ്ങൾക്കു മുമ്പ് കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ മൂന്ന് പേരിൽ നിന്നും കരിപ്പൂർ പൊലീസ് സ്വർണം പിടികൂടിയിരുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഒരാളുടെ മൊബൈൽ ഫോണിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷിഫ്റ്റ് കണ്ടെത്തിയത്.
കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉദ്യോഗസ്ഥ ഒത്താശ! പൊലീസ് കണ്ടെത്തലിൽ നാണം കെട്ട് കസ്റ്റംസ്; അന്വേഷണം
ഇതിന് പിന്നാലെ മലപ്പുറം എസ് പി യുടെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്. സിഐഎസ് എഫിലെ ഒരു അസിസ്റ്റന്റ് കമന്റാന്റും കസ്റ്റംസ് ഉദ്യോഗസ്ഥനും ഈ സംഘത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ചതിന്റെ കൂടുതൽ തെളിവുകൾ പൊലീസിന് കിട്ടി. കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടി സ്വർണം കടത്താനാണ് ഇവർ ഒത്താശ ചെയ്തിരുന്നത്. ഇതിനായി രഹസ്യ ഫോൺ നമ്പറുകളും ഉപയോഗിച്ചിരുന്നു. അറസ്റ്റിലായ ചിലർക്കൊപ്പം ഉദ്യോഗസ്ഥർ നിൽക്കുന്ന ഫോട്ടോകളും അന്വേഷണ ഉദ്യോഹസ്ഥർക്ക് കിട്ടിയിട്ടുണ്ട്. നിലവിൽ റെജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ ഉദ്യോഗസ്ഥരെ കൂടി പ്രതി ചേർക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനു ശേഷം ഇത് സംബന്ധിച്ച വിശദ റിപ്പോർട്ട് സി ഐ എസ് എഫ്, കസ്റ്റംസ് ഉന്നതർക്ക് കൈമാറും.
