കോഴിക്കോട്: കരിപ്പൂരിൽ 18 പേരുടെ മരണത്തിനി ഇടയാക്കിയ വിമാനദുരന്തത്തെക്കുറിച്ച് ഡിജിസിഎയും എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി നടത്തുന്ന അന്വേഷണം തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് വിമാത്തിന്‍റെ ഡിജിറ്റല്‍ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയതായാണ് വിവരം. 

കോക്പിറ്റില്‍ അവസാന നിമിഷം പൈലറ്റുമാര്‍ സംസാരിച്ചതടക്കം ലഭ്യമാകുന്ന കോക്പിറ്റ് വോയ്സ് റെക്കോര്‍ഡർ കണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി. ബ്ലാക് ബോക്സിന് വേണ്ട തെരച്ചിലും തുടരുകയാണ്. എന്നാൽ ഫ്ളൈറ്റ് ഡാറ്റ റെക്കോഡറിലെ വിവരങ്ങൾ ദില്ലിയിലെ ലാബിൽ അവലോകനം ചെയ്യാൻ സമയം എടുക്കും. പ്രാഥമിക റിപ്പോർട്ടിനു ശേഷം ഇതിന്‍റെ വിശദപരിശോധനയ്ക്ക് കേന്ദ്രം ഉത്തരവ് നൽകിയേക്കും.  

പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വ്യോമയാനമന്ത്രാലയത്തിന്‍റെ പ്രാഥമിക നിഗമനം. തുടര്‍ നടപടികള്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ്സിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം കരിപ്പൂരിലത്തിയിട്ടുണ്ട്. എയർ ഇന്ത്യ യാത്രക്കാരെ സഹായിക്കാനായി നിയോഗിച്ച അടിയന്തര സഹായ സംഘവും മുംബൈയിൽ നിന്ന് കരിപ്പൂരിലെത്തി തുടര്‍നടപടികൾ തുടങ്ങി.

മംഗളുരു വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽപെട്ട് 10 കൊല്ലത്തിനു ശേഷം സമാനമായ ടേബിൾ ടോപ്പ് വിമാനത്താവളമായ കരിപ്പൂരിലുണ്ടായ അപകടം കേന്ദ്ര സർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യോമയാനമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇതിനു ശേഷം നടന്ന യോഗത്തിലാണ് രണ്ട് അന്വേഷണ സംഘങ്ങളെ കരിപ്പൂരിലേക്ക് അയക്കാൻ തീരുമാനിച്ചത്.

മംഗളുരു വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സമാന വിമാനത്താവളങ്ങളിലൊക്കെ സൗകര്യങ്ങൾ കൂട്ടാനുള്ള തീരുമാനം ഉണ്ടായിരുന്നു. രാജ്യത്തെ ആറ് ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിലെയും സ്ഥിതി ഡിജിസിഎ നിരന്തരം നിരീക്ഷിക്കാറുണ്ട്. കരിപ്പൂരിലെ ടേബിൾ ടോപ് റൺവേ മംഗളുരു അപകടത്തിനു ശേഷം പാർലമെന്‍റിൽ ഉൾപ്പടെ ചർച്ചയാവുകയും ചെയ്തതാണ്. 

കഴിഞ്ഞ വർഷം ജൂലൈ 19-ന് വിമാനത്താവളത്തിലെ അപര്യാപ്തതകളും പാകപ്പിഴകളും ചൂണ്ടിക്കാട്ടി ഡിജിസിഎ വിമാനത്താവള ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു. റൺവേയിൽ ടയർ അവശിഷ്ടത്തിന്‍റെ സാന്നിധ്യം കൂടുതലാണെന്നായിരുന്നുവെന്നാണ് ഡിജിസിഎ അന്ന് പ്രധാനമായും കണ്ടെത്തിയത്. അന്നത് പരിഹരിച്ചു എന്നാണ് വിമാനത്താവള ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. എന്നാൽ വിമാനം റൺവേയുടെ മധ്യഭാഗത്താണ് ഇറങ്ങിയത് എന്നതുൾപ്പടെയുള്ള വിവരങ്ങൾ വരുമ്പോൾ ഇപ്പോൾ നിഗമനങ്ങളിൽ എത്തുന്നില്ലെന്നാണ് എയർ ഇന്ത്യ സിഎംഡി രാജീവ് ബൻസലിന്‍റെ നിലപാട്.

പുതിയ സാഹചര്യത്തിൽ റൺവേ വികസനത്തിന് കൂടുതൽ സ്ഥലം എന്ന ആവശ്യം കേന്ദ്രം ശക്തമാക്കും എന്നുറപ്പാണ്. 365 ഏക്കർ ഭൂമിയെങ്കിലും വേണം എന്നതാണ് കേന്ദ്ര നിലപാട്. എന്നാൽ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയവിവാദങ്ങൾ നടന്നിരുന്ന, നടന്നുവരുന്ന ഇടമാണ് കരിപ്പൂർ. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണം എന്ന് മുൻ വ്യോമയാനമന്ത്രി അശോക് ഗജപതി രാജു നിർദ്ദേശിച്ചിരുന്നുവെന്നതും ഇവിടെ ചേർത്തുവായിക്കണം.