Asianet News MalayalamAsianet News Malayalam

കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തനം: സിഐഎസ്എഫും എടിസിയും തമ്മില്‍ തര്‍ക്കം

ദുരന്തം ആദ്യം അറിഞ്ഞതും രക്ഷാപ്രവര്‍ത്തനം തുടങ്ങിയതും തങ്ങളെന്ന സിഐഎസ്എഫ് വാദം എടിസി നിഷേധിക്കുന്നു. ദുരന്തത്തെക്കുറിച്ച് തന്നെ അറിയിച്ചത് എടിസി ആണെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു

karipur plane crash rescue mission fight between atc and cisf
Author
Kozhikode, First Published Aug 14, 2020, 9:01 AM IST

കോഴിക്കോട്: കരിപ്പൂരില്‍ വിമാനാപകടം സംഭവിച്ചപ്പോള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ ച്ചൊല്ലി സിഐഎസ്എഫും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവും തമ്മില്‍ തര്‍ക്കം. ദുരന്തം ആദ്യം അറിഞ്ഞതും രക്ഷാപ്രവര്‍ത്തനം തുടങ്ങിയതും തങ്ങളെന്ന സിഐഎസ്എഫ് വാദം എടിസി നിഷേധിക്കുന്നു.

ദുരന്തത്തെക്കുറിച്ച് തന്നെ അറിയിച്ചത് എടിസി ആണെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. രാജ്യത്തെ നടുക്കിയ കരിപ്പൂര്‍ വിമാനദുരന്തം ആദ്യം അറിഞ്ഞതും രക്ഷാപ്രവര്‍ത്തനം തുടങ്ങിവച്ചതും ആര് എന്നതിനെ ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം തുടങ്ങിയിരിക്കുന്നത്.

അപകടം സംബന്ധിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം നടത്തുന്നതിനിടെയാണ് വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയുളള സിഐഎസ്എഫും എയര്‍ ട്രാഫികിന്‍റെ ചുമതലയുളള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവും ഈ വിഷയത്തില്‍ വ്യത്യസ്ത വാദങ്ങള്‍ അവതരിപ്പിക്കുന്നത്. കരിപ്പൂരിലെ സിഐഎസ്എഫ്, അപകട ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ക്കയച്ച സന്ദേശത്തിലെ വാദം ഇങ്ങനെയാണ്:

റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം വീണത് ഗേറ്റ് നമ്പര്‍ എട്ടിന്‍റെ പരിസരത്താണ്. ആ സമയം അവിടെ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന സിഐഎസ്എഫ് സംഘം അപകടം കാണുകയും കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ചെയ്തു. അപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. തൊട്ടടുത്ത് താമസിക്കുന്ന 40 ഓളം സിഐഎസ്എഫ് ജവാന്‍മാരും ഉടനടിയെത്തി ഫയര്‍ ടീമിനൊപ്പം രക്ഷാപ്രവര്‍ത്തനം തുടങ്ങി.

എന്നാല്‍ ഈ വാദം തെറ്റെന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ വാദം. വിമാനം പറന്നിറങ്ങുന്നതും റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങുന്നതുമെല്ലാം എയര്‍ട്രാഫിക് സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങിയ ഉടന്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കാനായി ക്രാഷ് സൈറണും ഫയര്‍ ബെല്ലും കൊടുത്തു. മാത്രമല്ല, എടിസിക്കു കീഴിലുളള ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം റണ്‍വേയുടെ 75 മീറ്റര്‍ അകലെയെുണ്ടായിരുന്നു.

ഇവര്‍ നാലു മിനിറ്റിനകം അപകട സ്ഥലത്തെത്തി, തീപിടിത്തം ഒഴിവാക്കാനുളള നടപടികള്‍ സ്വീകരിച്ചു. ഇതിനു ശേഷമാണ് സുരക്ഷിതമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത്. എടിസി ചുമതലയില്‍ വീഴ്ച വരുത്തിയെന്ന നിലയിലുളള പ്രചാരണങ്ങള്‍ ശരിയല്ലെന്നും എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്സ് ഗില്‍ഡ് അറിയിച്ചു. അപകടത്തെക്കുറിച്ച് തന്നെ അറിയിച്ചത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗമാണെന്ന് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ ശ്രീനിവാസ റാവു വ്യക്തമാക്കി.

ഗേറ്റ് നമ്പര്‍ എട്ടിനു സമീപമുണ്ടായിരുന്ന സിഐഎസ്എഫ് സംഘം സംഭവത്തിന് ദൃക്സാക്ഷികള്‍ ആയതിനാലാകാം അവര്‍ ഇത്തരമൊരു വാദം ഉന്നയിച്ചതെന്നും ഡയറക്ടര്‍ വ്യക്തമാക്കി. അതേസമയം, ദുരന്തമുഖത്ത് മറ്റൊന്നും നോക്കാതെ പാഞ്ഞെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയതെന്നതില്‍ എടിസിക്കോ സിഐഎസ്എഫിനോ വ്യത്യസ്ത അഭിപ്രായമില്ല. 

Follow Us:
Download App:
  • android
  • ios