ഉപമുഖ്യമന്ത്രിമാരില്ലാതെ 29 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ഗോമാതാവിന്‍റെയും കര്‍ഷകരുടെയും പേരിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 

ബംഗ്ലൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മകൻ വിജയേന്ദ്രയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനമില്ല. ഉപമുഖ്യമന്ത്രിമാരില്ലാതെ 29 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ഗോമാതാവിന്‍റെയും കര്‍ഷകരുടെയും പേരിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ഉപാധി കേന്ദ്രം തള്ളി. വ്യക്തി കേന്ദ്രീകൃതമല്ല പാര്‍ട്ടി അധിഷ്ഠിതമാകണം ഭരണമെന്ന കേന്ദ്ര നിലപാടാണ് വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി കസേരയില്‍ നിന്ന് അകറ്റിയത്. ജംബോ പട്ടികയായതിനാല്‍ ഉപമുഖ്യമന്ത്രിമാരെ വേണ്ടെന്നാണ് കേന്ദ്രനിര്‍ദേശം. കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ വിജയേന്ദ്ര അനുകൂലികള്‍ പ്രതിഷേധിച്ചു.

ലിംഗായത്ത് വൊക്കലിഗ പിന്നാക്ക വിഭാഗത്തിനും അര്‍ഹമായ പരിഗണന നല്‍കിയാണ് മന്ത്രിസഭാവികസനം. ഗോമാതാവിന്‍റെ പേരിലാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രികൂടിയായിരുന്ന പ്രഭു ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തത്. 

സഖ്യസര്‍ക്കാരിനെ വീഴ്ത്തി കൂറുമാറിയെത്തിയവരില്‍ നാല് പേരെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. കൂറുമായിയെത്തിയവര്‍ക്ക് യെദ്യൂരപ്പ അമിതപരിഗണന നല്‍കുന്നുവെന്നായിരുന്നു നേരത്തെ സംസ്ഥാന നേതൃത്വത്തിന്‍റെ പരാതി. രണ്ട് വര്‍ഷത്തിനികം എത്തുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വിജയേന്ദ്രയെ അനുനയിപ്പിക്കുകയാകും പാര്‍ട്ടിക്ക് മുന്നിലെ വെല്ലുവിളി.