ബെംഗളൂരു: അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടും കര്‍ണാടകം പിന്നോട്ടില്ല.  കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി അടച്ചിടുന്നത് തുടരാനാണ് കര്‍ണാടകയുടെ നീക്കം. അതിര്‍ത്തി അടച്ചിടുന്നതോടെ കേരളത്തിലേക്കുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലാവും. കേരളത്തിലേക്കുള്ള 50 പച്ചക്കറി ലോറികളാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇതോടെ കണ്ണൂർ ജില്ലയിലേക്കുള്ള ചരക്ക് നീക്കം നിലക്കും. മാക്കൂട്ടം ചുരം റോഡ് മണ്ണിട്ടാണ് കർണാടകം അടച്ചിരിക്കുന്നത്. ചൊവ്വാഴ്ച കൂര്‍ഗിന്‍റെ ചുമതലയുള്ള മന്ത്രി വന്നതിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് കൂര്‍ഗ് കളക്ടര്‍ അറിയിച്ചു. കൂര്‍ഗിലേക്ക് പോകാനുള്ള വഴി പൂര്‍ണ്ണമായും കര്‍ണാടക സര്‍ക്കാര്‍ അടച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശത്തിന് വിരുദ്ധമായാണ് കേരളവുമായുള്ള അതിര്‍ത്തികള്‍ കര്‍ണാടകം മണ്ണിട്ട് അടച്ചത്.

കാസര്‍കോടും കൂട്ടുപുഴയില്‍  കേരളാ അതിര്‍ത്തിയിലേക്ക് കടന്നുകൊണ്ടുമാണ് കര്‍ണാടക മണ്ണിട്ടിട്ടുള്ളത്. കര്‍ണ്ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചതായും മണ്ണ് മാറ്റാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ അതിര്‍ത്തികള്‍ അടച്ചുകൊണ്ടുള്ള മണ്ണ് നീക്കം ചെയ്യില്ലെന്നാണ് കര്‍ണാടകം ഇപ്പോള്‍ വ്യക്തമാക്കുന്നത്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read More: അതിര്‍ത്തി മണ്ണിട്ട് മൂടി കര്‍ണാടക; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക